സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ് സ്‌പെഷ്യല്‍ സ്‌കൂളുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷ്യകിറ്റുകള്‍ വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ നിര്‍ദേശം. സര്‍ക്കാര്‍, എയ്ഡഡ് മേഖലകളിലായി 43 സ്‌കൂളുകളാണ് ഈ വിഭാഗത്തില്‍ വരുന്നത്. ഒന്നുമുതല്‍ എട്ടാം ക്ലാസ് വരെയുള്ള കാഴ്ച, കേള്‍വി പരിമിതികളുള്ള ഭിന്നശേഷി കുട്ടികള്‍ക്കും ശാരീരിക പ്രയാസങ്ങള്‍ മൂലം വീടിനുള്ളില്‍ തുടര്‍ന്ന് അധ്യാപകരുടെ സഹായത്തോടെ വിദ്യാഭ്യാസം നേടുന്ന കുട്ടികള്‍ക്കും സ്‌കൂള്‍ തുറന്നു പ്രവര്‍ത്തിക്കുന്നതുവരെ ഭക്ഷ്യ ഭദ്രതാ അലവന്‍സ് ഭക്ഷ്യകിറ്റുകളായി വിതരണം ചെയ്യും.
ഇത് സംബന്ധിച്ച ഉത്തരവ് പൊതുവിദ്യാഭ്യാസ വകുപ്പ് പുറപ്പെടുവിച്ചു. കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ സ്‌കൂളുകള്‍ തുറന്നു പ്രവര്‍ത്തിക്കാത്തതിനാല്‍ സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതിയില്‍ ഉള്‍പ്പെട്ട സംസ്ഥാനത്തെ എല്ലാ സ്‌കൂള്‍ കുട്ടികള്‍ക്കും സപ്ലൈകോയുടെ സഹകരണത്തോടെ ഭക്ഷ്യക്കിറ്റുകള്‍ വിതരണം ചെയ്യുന്നുണ്ട്. സര്‍ക്കാര്‍, എയ്ഡഡ് വിദ്യാലയങ്ങളിലെ എട്ടാം ക്ലാസ്സ് വരെയുള്ള വിദ്യാര്‍ത്ഥികളാണ് സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതിയുടെ അര്‍ഹതാപട്ടികയില്‍ ഉള്‍പ്പെട്ടിരുന്നത്. മാനസിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ പഠിക്കുന്ന ബഡ്‌സ് / സ്‌പെഷ്യല്‍ വിദ്യാലയങ്ങളും ഇതില്‍ ഉള്‍പ്പെടുന്നുണ്ട്.
എന്നാല്‍, കാഴ്ച, കേള്‍വി പരിമിതികളുള്ള ഭിന്നശേഷി കുട്ടികള്‍ പഠിക്കുന്ന സ്‌പെഷ്യല്‍ സ്‌കൂളുകള്‍ ഉച്ചഭക്ഷണ പദ്ധതിയുടെ പരിധിയില്‍ ഉണ്ടായിരുന്നില്ല. സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ ഒന്ന് മുതല്‍ എട്ടാം ക്ലാസ്സുവരെ എന്റോള്‍ ചെയ്തിട്ടുള്ള ഏകദേശം 4800 കുട്ടികള്‍ ശാരീരിക അവശതകള്‍ /പ്രയാസങ്ങള്‍ മൂലം ചുമതലപ്പെട്ട റിസോഴ്‌സ്അദ്ധ്യാപകരുടെ സഹായത്തോടെ വീടുകളില്‍ തന്നെ തുടര്‍ന്ന് വിദ്യാഭ്യാസം നേടുന്നവരാണ്. സ്‌കൂളുകളില്‍ ഹാജരാകുവാന്‍ കഴിയാത്ത ഈ കുട്ടികളെ സ്വാഭാവികമായും ഉച്ചഭക്ഷണ പദ്ധതിയുടെ ഫീഡിങ് ലിസ്റ്റില്‍ ഉള്‍പ്പെടുത്താറില്ലായിരുന്നു.
ഈ പശ്ചാത്തലത്തില്‍ ആണ് സര്‍ക്കാര്‍ ഇക്കാര്യം വിശദമായി പരിശോധിച്ച് ഈ വിഭാഗങ്ങള്‍ക്ക് കൂടി ഭക്ഷ്യകിറ്റുകള്‍ വിതരണം ചെയ്യാന്‍ തീരുമാനിച്ചത്. ഭക്ഷ്യകിറ്റുകള്‍ കുട്ടികള്‍ക്ക് യഥാസമയം വിതരണം ചെയ്തിട്ടുണ്ടെന്ന കാര്യം ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍ ഉറപ്പാക്കണമെന്നും ഉത്തരവില്‍ പറയുന്നു.