ജില്ലയില്‍ വേനല്‍ കനത്തതോടെ തൊഴിലാളികളുടെ ജോലി സമയം പുനക്രമീകരിച്ച് തൊഴില്‍ വകുപ്പ്. പകല്‍ താപനില ക്രമാതീതമായി ഉയരുന്ന സാഹചര്യത്തില്‍ വിവിധ തൊഴില്‍ മേഖലകളില്‍ പണിയെടുക്കുന്നവര്‍ക്ക് സൂര്യാഘാതം ഏല്‍ക്കാനുള്ള സാഹചര്യം മുന്‍നിര്‍ത്തി ഏപ്രില്‍ 30 വരെയാണ് ജോലി സമയം പുനക്രമീകരിച്ചത്. വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികളുടെ ജോലി സമയം രാവിലെ ഏഴ് മുതല്‍ വൈകിട്ട് ഏഴ് വരെ എട്ട് മണിക്കൂറായി നിജപ്പെടുത്തി. പകല്‍ സമയം ജോലി ചെയ്യുന്നവര്‍ക്ക് ഉച്ചയ്ക്ക് 12 മുതല്‍ വൈകിട്ട് മൂന്ന് വരെ വിശ്രമം നല്‍കും. ഷിഫ്റ്റ് വ്യവസ്ഥയില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് ഉച്ചയ്ക്ക് 12 ഷിഫ്റ്റ് അവസാനിക്കുന്ന തരത്തിലും വൈകിട്ട് മൂന്നിന് ആരംഭിക്കുന്ന വിധമാണ് പുനക്രമീകരണം. സൂര്യാഘാതം, സൂര്യതാപം എന്നിവയുമായി ബന്ധപ്പെട്ട് അതിഥി തൊഴിലാളികള്‍ക്ക് മെഡിക്കല്‍ ക്യാമ്പുകളും ബോധവത്ക്കരണ ക്ലാസുകളും സംഘടിപ്പിച്ചതായി ജില്ലാ ലേബര്‍ ഓഫീസര്‍ അറിയിച്ചു. തൊഴില്‍ വകുപ്പിന്റെ നേതൃത്വത്തില്‍ വിവിധ തൊഴില്‍ മേഖലകളില്‍ പ്രതിദിന പരിശോധനകള്‍ നടത്തുന്നുണ്ട്. പരിശോധന സമയത്ത് അതിഥി തൊഴിലാളികള്‍ക്കായി ഹിന്ദി, ബംഗാളി ഭാഷകളിലാണ് ബോധവത്ക്കരണം നല്‍കുന്നതെന്നും ചൂട് വര്‍ധിക്കുന്ന സാഹചര്യത്തില്‍ തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്നും ജില്ലാ ലേബര്‍ ഓഫീസര്‍ അറിയിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.