പുല്‍പ്പള്ളി ബസ് സ്റ്റാന്‍ഡിന് ദേവസ്വം കമ്മീഷണര്‍ അനുമതി നല്‍കിയതോടെ ബസ് സ്റ്റാന്‍ഡിനായി ഏറ്റെടുത്ത ഭൂമിയില്‍ ബസ് പാര്‍ക്കിങ് ആരംഭിച്ചു. തിങ്കളാഴ്ച രാവിലെ മുതലാണ് സ്റ്റാന്‍ഡില്‍ പാര്‍ക്ക് ചെയ്തിരുന്ന ബസുകള്‍ മുഴുവന്‍ പുതിയ പാര്‍ക്കിങ് കേന്ദ്രത്തിലേക്ക് മാറ്റാന്‍ നടപടി സ്വീകരിച്ചത്. ശനിയാഴ്ച പുല്‍പ്പള്ളി ഗ്രാമപ്പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗത്തിലെ തീരുമാന പ്രകാരമാണ് പാര്‍ക്കിങ് ആരംഭിച്ചത്.
വിവിധ ഭാഗങ്ങളില്‍ നിന്നും ബസ് സ്റ്റാന്‍ഡിലെത്തുന്ന ബസ്സുകള്‍ യാത്രക്കാരെ ഇറക്കിയശേഷം പാര്‍ക്കിങ് കേന്ദ്രത്തിലേക്ക് മാറ്റണം. ബസ് പുറപ്പെടുന്നതിന് അഞ്ച് മിനിറ്റ് മുമ്പ് മാത്രമേ ബസ് സ്റ്റാന്‍ഡിലേക്ക് പ്രവേശിപ്പിക്കൂ. ബസ്സുകളുടെ എണ്ണം വര്‍ധിച്ചതോടെ സ്റ്റാന്‍ഡിനുള്ളില്‍ പാര്‍ക്ക് ചെയ്യാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു. 2024-25 സാമ്പത്തിക വര്‍ഷത്തില്‍തന്നെ ബസ് സ്റ്റാന്‍ഡ് നിര്‍മാണം ആരംഭിക്കാനാവശ്യമായ നടപടികളാണ് ഗ്രാമപ്പഞ്ചായത്തിന്റെ ഭാഗത്തുനിന്നും സ്വീകരിച്ചത്. ശനിയാഴ്ച നടന്ന സര്‍വകക്ഷിയോഗത്തിലെ തീരുമാനപ്രകാരം ഞായറാഴ്ചയായിരുന്നു ബസ് സ്റ്റാന്‍ഡിനായി ഏറ്റെടുത്ത ഭൂമി മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് നിരപ്പാക്കിയത്. തിങ്കളാഴ്ച രാവിലെ സര്‍വകക്ഷിയുടെ നേതൃത്വത്തില്‍ ബസ് സ്റ്റാന്‍ഡിനായി ഏറ്റെടുത്ത ഭൂമിയില്‍ എത്തിയ ശേഷമായിരുന്നു ബസ്സുകള്‍ പാര്‍ക്കിങ്ങിനായി മാറ്റിയത്. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ദിലീപ് കുമാര്‍, വൈസ് പ്രസിഡന്റ് ശോഭന സുകു, സര്‍വകക്ഷി നേതാക്കളായ സജി തൈപ്പറമ്പില്‍, കുടിലില്‍ വിജയന്‍, മാത്യു മത്തായി ആതിര, പി.കെ. രാജപ്പന്‍, ബ്രിജേഷ് കാട്ടാംകോട്ടില്‍, ഇ.ടി. ബാബു, മണി പാമ്പനാല്‍, ബാബു പ്രണവം, ഉഷ ബേബി തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.