മീനങ്ങാടിയില്‍ 20 ലക്ഷം രൂപ കവര്‍ന്ന കേസില്‍ ഒരാള്‍ പിടിയില്‍. പ്രതിയോടൊപ്പം കാപ്പ ചുമത്തിയ പ്രതിയും.

0

മീനങ്ങാടിയില്‍ 20 ലക്ഷം രൂപ കവര്‍ന്ന കേസില്‍ ഒരാള്‍ പിടിയില്‍. പ്രതിയോടൊപ്പം കാപ്പ ചുമത്തിയ പ്രതിയും.

 

കഴിഞ്ഞ ഡിസംബര്‍ 7ന് മീനങ്ങാടി 54ലെ പെട്രോള്‍ പമ്പില്‍ നിന്നും 2 വാഹനങ്ങളിലായെത്തി മറ്റൊരു കാറിലുണ്ടായിരുന്ന 2 പേരില്‍ നിന്ന് 20 ലക്ഷം രൂപ കവര്‍ന്ന കേസിലെ പ്രതികളില്‍ ഒരാളെ കൂടി മീനങ്ങാടി പോലീസ് പിടികൂടി. പിണറായി സ്റ്റേഷന്‍ പരിധിയിലെ കണ്ണൂര്‍ പാതിരിയാട് നവജിത്ത് നിവാസില്‍ നവജിത്ത് (30) ആണ് പണം തട്ടിയ കേസില്‍ പിടിയിലായത്. പ്രതിയോടൊപ്പം ഉണ്ടായിരുന്ന നിരവധി കേസുകളിലെ പ്രതിയും കണ്ണൂര്‍ സ്റ്റേഷനില്‍ കാപ്പ ചുമത്തി ശിക്ഷിക്കുകയും ചെയ്ത കണ്ണൂര്‍ കൂത്തുപറമ്പ് വേങ്ങാട് പടിഞ്ഞാറേ വീട്ടില്‍ സായൂജ് (31)നെയും പിടികൂടി.

കണ്ണൂര്‍ പടുവിലായില്‍ ഒളിവില്‍ കഴിയുകയായിരുന്ന പ്രതിയെ മീനങ്ങാടി സ്റ്റേഷന്‍ ഓഫീസര്‍ പി.ജെ.കുര്യാക്കോസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പിടികൂടിയത്. അടച്ചിട്ട കെട്ടിടത്തിന് മുകളിലത്തെ നിലയില്‍ കയറിയതിന് ശേഷം സാഹസികമായാണ് പ്രതിയെ പിടികൂടിയത്.

ഡിസംബര്‍ 7 ന് ചാമരാജ് നഗറില്‍ നിന്നും കോഴിക്കോട് ഭാഗത്തേക്ക് വന്ന എകരൂല്‍ സ്വദേശി മക്ബൂല്‍, ഈങ്ങാപ്പുഴ സ്വദേശി നാസര്‍ എന്നിവര്‍ സഞ്ചരിച്ച കാര്‍ മീനങ്ങാടി 54 അമ്പലപ്പടിയിലെ പെട്രോള്‍ പമ്പില്‍ വെച്ച് ഒരു സംഘമാളുകള്‍ കടത്തിക്കൊണ്ടുപോവുകയായിരുന്നുവെന്നാണ് പരാതി. കെഎല്‍ 11 ബി ആര്‍ 1779 നമ്പര്‍ കാറാണ് കടത്തികൊണ്ടു പോയത്.

പോകുന്ന വഴിയില്‍ മേപ്പാടിയില്‍ ഇരുവരെയും കാറില്‍ നിന്നും ഇറക്കിവിട്ടതായും തുടര്‍ന്ന് മേപ്പാടിയില്‍ മറ്റൊരിടത്ത് കാര്‍ ഉപേക്ഷിച്ച പ്രതികള്‍ രക്ഷപ്പെട്ടു എന്നുമാണ് പോലിസിനെ അറിയിച്ചത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ 9 പ്രതികളെ കേസുമായി ബന്ധപ്പെട്ട് മീനങ്ങാടി പോലീസ് അറസ്റ്റ് രേഖപ്പെടുത്തി കോടതി റിമാന്റ് ചെയ്തിരുന്നു. കേസുമായി ബന്ധപ്പെട്ട് ഇനി കണ്ടെത്താനുള്ള 3 പേര്‍ക്കായുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അന്വേഷണ സംഘത്തില്‍ സ്റ്റേഷന്‍ ഓഫീസറെ കൂടാതെ എസ് ഐ മാത്യൂ കെ.ടി എസ് സി പി ഒ മാരായ സുമേഷ്, ചന്ദ്രന്‍, സി.പി ഒ മാരായ ക്ലിന്റ്, ഭരതന്‍ എന്നിവരുമുണ്ടായിരുന്നു.

Leave A Reply

Your email address will not be published.

error: Content is protected !!