മാനന്തവാടി പോളിടെക്നിക് കെട്ടിടോദ്ഘാടനം നാളെ
മാനന്തവാടി ഗവ. പോളിടെക്നിക് കോളേജിന്റെ അഡ്മിനിസ്ട്രേറ്റീവ്, അക്കാദമിക് ബ്ലോക്കുകള്‍ ശനിയാഴ്ച രാവിലെ 10ന് മന്ത്രി ആര്‍. ബിന്ദു ഉദ്ഘാടനം ചെയ്യും. ഒ.ആര്‍. കേളു എം.എല്‍.എ. അധ്യക്ഷത വഹിക്കും. കിഫ്ബി ഫണ്ടുപയോഗിച്ച് 8.5 കോടി രൂപ ചെലവിലാണ് അഞ്ചുനില കെട്ടിടം നിര്‍മിച്ചത്. എടവക നല്ലൂര്‍നാട് ദ്വാരകയിലാണ് പോളിടെക്നിക് കോളേജ് സ്ഥിതി ചെയ്യുന്നത്.
2016 ഏപ്രിലില്‍ എ.ഐ.സി.ടി.ഇയുടെ അംഗീകാരം ലഭിച്ച പോളി ടെക്നിക് 2016 ജൂണ്‍മുതലാണ് പ്രവര്‍ത്തനം തുടങ്ങിയത്. സിവില്‍ എന്‍ജിനീയറിങ്, മെക്കാനിക്കല്‍ എന്‍ജിനീയറിങ്, കംപ്യൂട്ടര്‍ എന്‍ജിനീയറിങ് വിഭാഗങ്ങളിലായി എല്ലാവര്‍ഷവും 180 വിദ്യാര്‍ഥികള്‍ക്കാണ് പ്രവേശനം നല്‍കുന്നത്. പത്തു ശതമാനം സീറ്റ് ലാറ്ററല്‍ എന്‍ട്രി പ്രവേശനത്തിനായും നീക്കിയിട്ടുണ്ട്. ഇപ്പോള്‍ 603 വിദ്യാര്‍ഥികള്‍ സ്ഥാപനത്തില്‍ പഠിക്കുന്നുണ്ട്. മാനന്തവാടി ഗവ. ടെക്നിക്കല്‍ ഹൈസ്‌കൂളിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന അഞ്ചേക്കര്‍ ഏറ്റെടുത്താണ് പോളിടെക്നിക് കോളേജിന്റെ പ്രവര്‍ത്തനം തുടങ്ങിയത്. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി, പ്രിന്‍സിപ്പല്‍ സി.പി. സുരേഷ് കുമാര്‍, പി.ടി.എ. വൈസ് പ്രസിഡന്റ് ബി. പ്രദീപ്, സിവില്‍ എന്‍ജിനീയറിങ് വകുപ്പ് തലവന്‍ ജ്യോതിസ് പോള്‍, ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ് വിഭാഗം ഡെമണ്‍സ്‌ട്രേറ്റര്‍ പി.ടി. സുഭാഷ് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.