പുസ്തക പ്രകാശനവും ഇശല്‍ വിരുന്നും ഞായറാഴ്ച
ജില്ലാ സഹകരണ ബാങ്ക് റിട്ട. ജനറല്‍ മാനേജര്‍ അലി പള്ളിയാല്‍ രചിച്ച രണ്ടാമത്തെ ചെറുകഥാ സാമാഹാരം പാത്തുമാധവ് ഞായറാഴ്ച പ്രകാശനം ചെയ്യും. വൈകീട്ട് 7ന് തരുവണ ഗെയിംസിറ്റി ടര്‍ഫില്‍ ചെറുകഥാകൃത്ത് പി.കെ. പാറക്കടവ് പുസ്തകം പ്രകാശനം ചെയ്യും. പ്രകാശനച്ചടങ്ങ് എം.വി. ശ്രേയാംസ്‌കുമാര്‍ ഉദ്ഘാടനം ചെയ്യും. എഴുത്തുകാരന്‍ എ.പി. കുഞ്ഞാമു പുസ്തകം ഏറ്റുവാങ്ങും.
പ്രഭാഷകന്‍ ഡോ. അബ്ദുള്‍ കരിം പുസ്തകം പരിചയപ്പെടുത്തും. ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി.കെ. സുധീര്‍ പങ്കെടുക്കും. നാടന്‍പാട്ടുകളുടെ അവതരണവും ഇശല്‍ വിരുന്നുമുണ്ടാകും. പുസ്തക പ്രകാശനത്തിന്റെ ഭാഗമായി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി നടത്തിയ സാഹിത്യ മത്സര വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍വിതരണം ചെയ്യും. പുസ്തകപ്രകാശനത്തിനു മുന്നോടിയായി വൈകീട്ട് മൂന്നിനു തരുവണ വ്യപാര ഭവന്‍ഹാളില്‍ ജില്ലയിലെ സാഹിത്യകാരന്മാരെ പങ്കെടുപ്പിച്ച് സാഹിത്യ ചര്‍ച്ച സംഘടിപ്പിക്കും. ബാവ കെ. പാലുകുന്ന്, ഷാജി പുല്പള്ളി, ഡോ. അസീസ് തരുവണ, സാദിര്‍ തലപ്പുഴ, ഡോ.ജോസഫ് കെ. ജോബ്, പി.എ. ജലീല്‍ തുടങ്ങിയവര്‍ പങ്കെടുക്കും. അലി പള്ളിയാലിന്റെ ആദ്യ ചെറുകഥാസമാഹാരമായ ‘തരുവണകഥകള്‍’ രണ്ടുവര്‍ഷം മുമ്പാണ് പ്രസിദ്ധീകരിച്ചത്. എ.കെ. ജമാല്‍, പി.എം. ഇബ്രാഹിം, കെ.സി.കെ. നജ്മുദ്ദീന്‍, പ്രേമരാജ് ചെറുകര, എ. ശ്രീധരന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.