ശാസ്ത്രപാര്‍ക്ക് ഉദ്ഘാടനം ചെയ്തു
മാനന്തവാടി: സമഗ്രശിക്ഷ കേരളയുടെ ധനസഹായത്തോടെ ജില്ലയില്‍ ആരംഭിക്കുന്ന ശാസ്ത്ര പാര്‍ക്കുകളില്‍ ആദ്യത്തേത് മാനന്തവാടി വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ എം.എല്‍.എ ഒ.ആര്‍ കേളു ഉദ്ഘാടനം ചെയ്തു. ശാസ്ത്രപഠനം രസകരവും പ്രായോഗികവുമായ പരീക്ഷണങ്ങള്‍ സ്വയം ചെയ്തു പഠിക്കാനുതകുന്ന തരത്തിലാണ് ശാസ്ത്രപാര്‍ക്ക് ഒരുക്കിയിരിക്കുന്നത്. ശാസ്ത്രക്ലാസുകളില്‍ പഠിക്കുന്ന തത്വങ്ങളും, ആശയങ്ങളും നേരനുഭവത്തിലൂടെ അറിവുനിര്‍മ്മാണത്തിന് ഉതകുന്നതാണ് ശാസ്ത്രപാര്‍ക്ക്. മാനന്തവാടി ബി.ആര്‍സിയുടെ നേതൃത്വത്തില്‍ സമഗ്രശിക്ഷ വയനാട് ജില്ലയിലെ ട്രെയിനര്‍മാരുടെയും സി.ആര്‍.സി കോഡിനേറ്റര്‍മാരുടെയും നേതൃത്വത്തിലാണ് ശാസ്ത്രപാര്‍ക്ക് ഒരുക്കിയിരിക്കുന്നത്. എല്ലാ വിദ്യാലയങ്ങളിലും ഇത്തരം പാര്‍ക്ക് ഒരുക്കുന്നതിന് മുന്നോടിയായി ജില്ലയില്‍ മാനന്തവാടിക്കു പുറമെ, കുപ്പാടി ജി.എച്ച്.എസ്.എസ്, അച്ചൂര്‍ ജി.എച്ച്.എസ്.എസ് എന്നിവിടങ്ങളിലും പാര്‍ക്ക് ഈ വര്‍ഷം തന്നെ തയ്യാറാക്കും.
ജി.വി.എച്ച്.എസ്.എസ് മാനന്തവാടി പി.ടി.എ പ്രസിഡണ്ട് വി.കെ തുളസീദാസ് അധ്യക്ഷത വഹിച്ച യോഗത്തില്‍ പ്രധാനാധ്യാപിക ലില്ലി മാത്യൂ സ്വാഗതം ആശംസിച്ചു. സമഗ്ര ശിക്ഷ കേരള, വയനാട് ജില്ല പ്രൊജക്ട് ഓഫീസര്‍ ജി.എന്‍ ബാബുരാജ് പദ്ധതി വിശദീകരിച്ചു. ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ പി. അനിതാബായി, ജി.വി.എച്ച്.എസ്.എസ് പ്രിന്‍സിപ്പല്‍ അബ്ദുല്‍ അസീസ്, ബിപിഒ കെ. സത്യന്‍, വൈത്തിരി ബി.പി.ഒ എ.കെ ഷിബു, ശാസ്ത്രപാര്‍ക്ക് കോഡിനേറ്റര്‍ അനില്‍കുമാര്‍ കെ.ബി എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് മാനന്തവാടി ഉപജില്ലയില്‍ ശാസ്ത്രാധ്യാപകരുടെ സംഗമവും ശാസ്ത്രപാര്‍ക്കിന്റെ സാധ്യതകളും ചര്‍ച്ച ചെയ്തു.