നിയമവിരുദ്ധ ഭൂമി കൈയ്യേറ്റം തടയുക, സര്‍ക്കാരില്‍ നിക്ഷിപ്തമാക്കേണ്ട തോട്ടം ഭൂമി തരം മാറ്റി കൈയ്യടക്കാനുള്ള നീക്കം ചെറുക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് സി.പി.ഐ. (എം.എല്‍) റെഡ് സ്റ്റാര്‍ 16ന് വൈത്തിരി താലൂക്ക് ഓഫീസ് മാര്‍ച്ച് നടത്തും. 11 മണിക്ക് പാര്‍ട്ടി ജനറല്‍ സെക്രട്ടറി പി.ജെ ജെയിംസ് ഉദ്ഘാടനം ചെയ്യും.
ജില്ലയില്‍ നിയമവിരുദ്ധമായി കൈവശം വെച്ചിരിക്കുന്ന 49 തോട്ടങ്ങളുണ്ടെന്നാണ് ഭൂമി ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയ സ്‌പെഷ്യല്‍ ഓഫീസര്‍ക്ക് ജില്ലാ കളക്ടര്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരിക്കുന്നത്. ഈ തോട്ടങ്ങളുടെ ഉടമസ്ഥത തെളിയിക്കാന്‍ കോടതി ഉത്തരവുണ്ടായിട്ടും ജില്ലാ ഭരണകൂടം മൗനം തുടരുകയാണ്.ചുളിക്ക, അട്ടമല തുടങ്ങിയ പ്രദേശങ്ങളിലെ തോട്ടങ്ങളിലടക്കം റിസോര്‍ട്ടുകളും മറ്റ് വിനോദ സഞ്ചാര കേന്ദ്രങ്ങളും നിര്‍മിച് ഭൂമി വ്യാപകമായി തരം മാറ്റിയിട്ടുണ്ട്.
സംസ്ഥാന സെക്രട്ടറി എം.പി.കുഞ്ഞിക്കണ്ണന്‍, ജില്ലാ സെക്രട്ടറി കെ.വി.പ്രകാശ്, എം.കെ.ഷിബു, പി.ടി. പ്രേമാനന്ദ്, ബിജി ലാലച്ചന്‍ , കെ.ജി.മനോഹരന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു