ജാതിമത ഭേദമന്യേ കുടിയേറ്റ ജനതയുടെ ആഘോഷമായ പുല്‍പ്പള്ളി സീതാദേവി ലവകുശ ക്ഷേത്രത്തിലെ ചുറ്റുവിളക്ക് ആറാട്ട് മഹോത്സവത്തിന് കൊടിയേറി. ഇനിയുള്ള നാല് നാളുകള്‍ കൂടിച്ചേരലുകളുടേയും ആഘോഷത്തിന്റേയുമാണ്. ബുധനാഴ്ച രാവിലെ മൂലസ്ഥാനമായ ചേടാറ്റിന്‍ കാവില്‍ ദര്‍ശനത്തോടെയാണ് ക്ഷേത്ര ചടങ്ങുകള്‍ ആരംഭിച്ചത്. അരിയളവും തുടര്‍ന്ന് വേടംകോട്ട് ക്ഷേത്രത്തില്‍ നിന്നുള്ള ഭണ്ഡാര എഴുന്നള്ളിപ്പും നടന്നു.
ക്ഷേത്രത്തിലെ ആനയായിരുന്ന ശങ്കരന്‍കുട്ടിയുടെ പൂര്‍ണകായ പ്രതിമ വൈകുന്നേരം സമര്‍പ്പിച്ചു. ദീപാരാധനയ്ക്ക് ശേഷം ക്ഷേത്രം അഗ്രശാലയില്‍ നിന്നും കൊടിമരം എഴുന്നള്ളിച്ചു. രാത്രി എട്ടു മണിയോടെ തന്ത്രി മഴുവന്നൂര്‍ ഇല്ലത്ത് കുഞ്ഞി കേശവന്‍ എമ്പ്രാന്തിരിയുടെ മുഖ്യകാര്‍മികത്വത്തില്‍ കൊടിയുയര്‍ത്തി. ആയിരക്കണക്കിന് വിശ്വാസികളാണ് ചടങ്ങില്‍ പങ്കെടുക്കാനായി എത്തിയത്. പൂജകള്‍ക്ക് ശേഷം മൈഥിലി മാതൃസമിതി അവസരിപ്പിച്ച തിരുവാതിരകളിയും പുല്പള്ളി ശിവഗംഗ അവതരിപ്പിച്ച കൈകൊട്ടിക്കളിയുമുണ്ടായിരുന്നു. തുടര്‍ന്ന് ചിലങ്കാ നാട്യകലാ ക്ഷേത്രയുടെ നൃത്തനൃത്യങ്ങളും അരങ്ങേറി. ദേവസ്വം ട്രസ്റ്റി കുപ്പത്തോട് രാജശേഖരന്‍ നായര്‍, ദേവസ്വം എക്സിക്യൂട്ടീഫ് ഓഫീസര്‍ സി. വിജേഷ്, ഉത്സവാഘോഷ കമ്മിറ്റി പ്രസിഡന്റ് എം.ബി. രാമകൃഷ്ണന്‍, ജന. സെക്രട്ടറി വിജയന്‍ കുടിലില്‍, ഐക്കരശ്ശേരി ഗോപാലകൃഷ്ണന്‍ നായര്‍, വിക്രമന്‍ എസ്.നായര്‍, പി.ആര്‍. തൃദീപ് കുമാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
ഉത്സവത്തിന്റെ രണ്ടാം ദിവസമായ വ്യാഴാഴ്ച രാവിലെ മുതല്‍ വിശേഷാല്‍ പൂജകള്‍, 8.30ന് വില്ലുചാരല്‍, 12ന് വിശേഷാല്‍ ഉച്ചപൂജ, ഒന്നിന് അന്നദാനം, വൈകുന്നേരം 4.30ന് കാഴ്ചശീവേലി, 6.30 മുതല്‍ സംഗീത നൃത്ത പരിപാടികള്‍, പത്തിന് ഇളനീര്‍ക്കാവ് വരവ്, തുടര്‍ന്ന് ഭക്തിഗാനസുധ എന്നിവയുണ്ടാകും.