ആര്‍ഭാടത്തിനു നികുതി വരും 

0

സംസ്ഥാനത്ത് അധിക ചെലവില്‍ ആര്‍ഭാടമായി നടത്തുന്ന വിവാഹങ്ങള്‍ക്ക് ആര്‍ഭാട നികുതി ഏര്‍പ്പെടുത്തുന്ന കാര്യം ശുപാര്‍ശ ചെയ്യുമെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ അഡ്വ. പി സതീദേവി. സ്ത്രീധനം, നവമാധ്യമങ്ങളും സ്ത്രീകളും എന്നീ വിഷയങ്ങള്‍ സംബന്ധിച്ച് ബത്തേരിയില്‍ സംസ്ഥാനതല സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവര്‍.കേരളത്തിന്റെ സാമൂഹിക ചുറ്റുപാടില്‍ വിവാഹ നടത്തിപ്പിനെക്കുറിച്ചും സ്ത്രീധനത്തെക്കുറിച്ചുള്ള ധാരണകളില്‍ മാറ്റം വരണം. ആര്‍ഭാടപരമായി നടത്തുന്ന വിവാഹങ്ങള്‍ക്ക് നിയന്ത്രണമുണ്ടാകണം. ഇതിന് നിയമപരമായ മാറ്റങ്ങള്‍ ഉണ്ടാവണമെന്നും അവര്‍ പറഞ്ഞു.

 

സമൂഹത്തില്‍ ഇന്ന് നടന്നു കൊണ്ടിരിക്കുന്ന പ്രശ്നങ്ങളുടെ വെളിച്ചത്തില്‍ സ്ത്രീധന നിരോധനവുമായി ബന്ധപ്പെട്ട അധികൃതരുടെ ഒരു യോഗം ജനുവരിയില്‍ നടത്തുമെന്നും യോഗത്തില്‍ അധിക ചെലവില്‍ നടത്തുന്ന വിവാഹങ്ങള്‍ക്ക് ആര്‍ഭാട നികുതി ഏര്‍പ്പെടുത്താന്‍ സര്‍ക്കാരിന് ശുപാര്‍ശ ചെയ്യുമെന്നും കമ്മീഷന്‍ വ്യക്തമാക്കി. ചര്‍ച്ചയില്‍ നിയമ വിദഗ്ദ്ധരെയും പങ്കെടുപ്പിക്കും. ഒരാളുടെ വരുമാനത്തിന്റെ തോതനുസരിച്ചായിരിക്കണം വിവാഹ ചടങ്ങുകള്‍ നടത്തേണ്ടത്. അതില്‍ കൂടുതലായുള്ള ചെലവുകള്‍ വഹിക്കുമ്പോള്‍ നികുതി ഏര്‍പ്പെടുത്തണം. അങ്ങനെവരുമ്പോള്‍ ചിലവ് ചുരുക്കാന്‍ നിര്‍ബന്ധിതരാകുമെന്നും കമ്മീഷന്‍ അധ്യക്ഷ വ്യക്തമാക്കി.

സ്ത്രീധനം പോലുള്ള സാമൂഹിക വിപത്തിനെ ഇല്ലായ്മ ചെയ്യുന്നതിന് ഓരോ പ്രദേശത്തും ശക്തമായ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനാണ് ഇത്തരം സെമിനാറുകള്‍ക്ക് തുടക്കം കുറിക്കുന്നതെന്നും ബോധവല്‍ക്കരണ ചര്‍ച്ചകളിലും ക്ലാസുകളിലും സ്ത്രീകളുടേത് എന്നതുപോലെ പുരുഷന്മാരുടെ പങ്കാളിത്തം ഉറപ്പാക്കണമെന്നും വനിതാ കമ്മീഷന്‍ അധ്യക്ഷ അഡ്വ. പി സതീദേവി പറഞ്ഞു.

സുല്‍ത്താന്‍ ബത്തേരി നഗരസഭ ചെയര്‍മാന്‍ ടി.കെ. രമേഷ് അധ്യക്ഷത വഹിച്ചു. നഗരസഭാ ഡെപ്യുട്ടി ചെയര്‍പേഴ്‌സണ്‍ എല്‍സി പൗലോസ്, ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍പേഴ്സണ്‍ ഇന്‍ ചാര്‍ജ് സാലി പൗലോസ്, വനിതാ കമ്മീഷന്‍ അംഗങ്ങളായ അഡ്വ. പി. കുഞ്ഞായിഷ, അഡ്വ. ഇന്ദിരാ രവീന്ദ്രന്‍, അഡ്വ. എലിസബത്ത് മാമ്മന്‍ മത്തായി, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ സുപ്രിയ അനില്‍കുമാര്‍, എന്നിവര്‍ പങ്കെടുത്തു. സ്ത്രീധനം സാമൂഹ്യ വിപത്ത് എന്ന വിഷയം അഡ്വ. പി.എം. ആതിരയും നവമാധ്യമങ്ങളും സ്ത്രീകളും എന്ന വിഷയം സൈബര്‍ ക്രൈം എഎസ്‌ഐ ജോയ്‌സ് ജോണും അവതരിപ്പിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!