ഓഫീസ് ആക്രമിച്ചത് കുട്ടികള്‍; അവരോട്  ദേഷ്യമില്ലെന്ന് എംപി

0

എസ്എഫ്ഐ പ്രവര്‍ത്തകര്‍ ആക്രമിച്ച എംപി ഓഫീസ് രാഹുല്‍ ഗാന്ധി സന്ദര്‍ശിച്ചു.കല്‍പ്പറ്റയിലെ ഓഫീസ് അക്രമിച്ച സംഭവം നിര്‍ഭാഗ്യകരമെന്ന് രാഹുല്‍ ഗാന്ധി എംപി. ഈ ഓഫീസ് വയനാട്ടിലെ ജനങ്ങളുടെതാണ് അക്രമം ഒന്നിനും ഒരുപരിഹാരമല്ല. ഇത് ചെയ്തത് കുട്ടികളാണ്. അവരോട് ഒരു ദേഷ്യവുമില്ല. നിരുത്തരവാദപരമായാണ് അവര്‍ പെരുമാറിയത്. അതിന്റെ പ്രത്യാഘാതം അവര്‍ തിരിച്ചറിഞ്ഞിട്ടുണ്ടാകില്ല. ഓഫീസ് സന്ദര്‍ശിച്ച ശേഷം രാഹുല്‍ മാധ്യമങ്ങളോട് പറഞ്ഞു.ആക്രമണത്തിന് ശേഷം ആദ്യമായാണ് രാഹുല്‍ വയനാട്ടിലെത്തിയത്.

അര മണിക്കൂറോളം ഓഫീസില്‍ ചെലവഴിച്ച അദ്ദേഹം അക്രമത്തിനിടെ എസ്എഫ്‌ഐക്കാരുടെ മര്‍ദനമേറ്റ ഓഫീസ് ജീവനക്കാരന്‍ അഗസ്റ്റിന്‍ പുല്‍പ്പള്ളി, ഓഫീസിനു പുറത്തു സംഘര്‍ഷത്തിനിടെ ലാത്തിച്ചാര്‍ജില്‍ പരിക്കേറ്റ കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കെ.കെ. രാജേന്ദ്രന്‍, ഡിന്റോ ജോസ് ഗിരീഷ് കല്‍പ്പറ്റ, ബിന്‍ഷാദ് മടക്കി എന്നിവരോടു കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. അക്രമം നടത്തിയതു വിദ്യാര്‍ഥികളായതുകൊണ്ട് പരിഭവമോ ദേഷ്യമോ ഇല്ലെന്നു ഓഫീസിനു പുറത്തു മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കവെ എംപി പറഞ്ഞു. ഭവിഷ്യത്തുകളെക്കുറിച്ചു ബോധ്യം ഇല്ലാത്തതിനാലാകാം കുട്ടികള്‍ ഓഫീസില്‍ അതിക്രമം കാട്ടിയത്. എംപി ഓഫീസ് തന്റെതുമാത്രമല്ല, വയനാട്ടിലെ മുഴുവന്‍ ജനങ്ങളുടേതുമാണ്. വിദ്യാര്‍ഥികളുടെ അരുതായ്മ പൊറുക്കാവുന്നതും മറക്കാവുന്നതുമാണ്. അക്രമം ഒന്നിനും പരിഹാരമല്ല. ഇക്കാര്യം എല്ലാവരും തിരിച്ചറിയണമെന്നും എംപി പറഞ്ഞു. എഐസിസി ജനറല്‍ സെക്രട്ടറിമാരായ കെ.സി. വേണുഗോപാല്‍, ഉമ്മന്‍ചാണ്ടി, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍, വര്‍ക്കിംഗ് പ്രസിഡന്റ് ടി.സിദ്ദീഖ്, ജനറല്‍ സെക്രട്ടറി പി.എം. നിയാസ്, ഡിസിസി പ്രസിഡന്റ് എന്‍.ഡി. അപ്പച്ചന്‍ തുടങ്ങിയവര്‍ രാഹുലിനൊപ്പം ഉണ്ടായിരുന്നു.

Leave A Reply

Your email address will not be published.

error: Content is protected !!