വടുവന്‍ചാല്‍: മീനങ്ങാടി ഗ്രാമപ്പഞ്ചായത്തിനു പിന്നാലെ ഹരിതകര്‍മ്മസേന മുഖേന ശേഖരിച്ച പ്ലാസ്റ്റിക് പൊടിച്ച് റോഡ് ടാറിങിന് ഉപയോഗിച്ച് മൂപ്പൈനാട് പഞ്ചായത്തും മാതൃകയാവുന്നു. ആറു മാസമായി ഗ്രാമപ്പഞ്ചായത്തിലെ വീടുകളില്‍ നിന്നും കടകളില്‍ നിന്നും ശേഖരിച്ച പ്ലാസ്റ്റിക് വടുവന്‍ചാലിലുള്ള ഷ്രെഡിങ് യൂണിറ്റില്‍ പൊടിച്ചാണ് ടാറിങിന് ഉപയോഗിക്കാന്‍ പാകപ്പെടുത്തിയത്. ഒമ്പതാം വാര്‍ഡിലെ വേടന്‍ കോളനി റോഡില്‍ ഇത്തരത്തില്‍ ടാറിങ് തുടങ്ങി. പൊടിച്ച് പാകപ്പെടുത്തിയ പ്ലാസ്റ്റിക് 100 കിലോഗ്രാം ടാറിന് 10 കിലോഗ്രാം പ്ലാസ്റ്റിക് എന്ന അനുപാതത്തില്‍ മെറ്റിലിനോടൊപ്പം ഉരുക്കി ചേര്‍ത്താണ് ടാറിങ് നടത്തുന്നത്. ഗ്രാമപ്പഞ്ചായത്തില്‍ ഈ വര്‍ഷം 2000 കിലോ പ്ലാസ്റ്റിക് ടാറിങിന് ഉപയോഗിക്കാനാണ് പദ്ധതി. സാധാരണ ടാര്‍ ചേര്‍ത്ത് നടത്തുന്ന പ്രവൃത്തികളേക്കാള്‍ ഈടുറ്റതാണ് പ്ലാസ്റ്റിക് മിശ്രിതം പരീക്ഷിച്ച റോഡുകളെന്നു വിദഗ്ധര്‍ വിലയിരുത്തി. പരിസ്ഥിതി സംരക്ഷണത്തിന്റെ കൂടെ ടാറിങ് പ്രവൃത്തികളുടെ ചെലവ് ചുരുക്കുന്നതിനും ഗുണം വര്‍ധിപ്പിക്കുന്നതിനും ഈ രീതി ഉപകരിക്കും. പഞ്ചായത്തിലെ ആവശ്യം കഴിഞ്ഞുള്ള പ്ലാസ്റ്റിക് ജില്ലാ, ബ്ലോക്ക് പഞ്ചായത്ത് പ്രവൃത്തികളിലും ആവശ്യമെങ്കില്‍ പൊതുമരാമത്ത് വകുപ്പിനും നല്‍കാന്‍ പഞ്ചായത്ത് പദ്ധതി തയ്യാറാക്കുകയാണ്. വേടന്‍ കോളനി റോഡ് പ്രവൃത്തി പഞ്ചായത്ത് പ്രസിഡന്റ് ആര്‍.യമുന ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കാപ്പന്‍ ഹംസ, ശുചിത്വമിഷന്‍ ജില്ലാ കോ-ഓഡിനേറ്റര്‍ എ.കെ.രാജേഷ്, സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ പ്രബിത, യഹ്യാഖാന്‍ തലക്കല്‍, ഷഹര്‍ബാന്‍ സൈതലവി, പഞ്ചായത്ത് മെമ്പര്‍ പി.ഹരിഹരന്‍, പഞ്ചായത്ത് സെക്രട്ടറി സി.പി.പ്രതീപന്‍, അസിസ്റ്റന്റ് എന്‍ജിനീയര്‍ കെ.മനുരാജ് എന്നിവര്‍ സംസാരിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.