എല്‍.ഡി.എഫ് ഭരണം പിടിച്ചെടുത്ത് യു.ഡി.എഫ്

0

തരിയോട് ഗ്രാമ പഞ്ചായത്തില്‍ പ്രസിഡണ്ടിനെതിരെ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസപ്രമേയം പാസ്സായി. എല്‍.ഡി.എഫിലെ പ്രതിനിധിയായിരുന്ന റീനാ സുനിലിനെതിരെ യു.ഡി.എഫും ബിജെപിയും ചേര്‍ന്ന് നല്‍കിയ പ്രമേയമാണ് ഏഴു വോട്ടുകളോടെ പാസ്സായത്. അവിശ്വാസ പ്രമേയം പാസ്സായതോടെ വൈസ് പ്രസിഡണ്ട് ചന്ദ്രശേഖരനും സ്ഥാനം രാജി വെച്ചു.

ആറ് മാസം മുമ്പ് നല്‍കിയ പ്രമേയത്തില്‍ യോഗത്തിന് ബിജെപി അംഗങ്ങള്‍ പങ്കെടുക്കാത്തതിനെ തുടര്‍ന്ന് പരാജയപ്പെട്ടിരുന്നു. ഇന്ന് രാവിലെ 11 മണിക്ക് നടന്ന ഭരണ സമിതി യോഗത്തില്‍ എല്‍.ഡി.എഫിലെ അഞ്ചംഗങ്ങളും പങ്കെടുക്കാതെ വിട്ടുനിന്നു. യു.ഡി.എഫിലെ ആറംഗങ്ങളും ബി.ജെ.പി യിലെ രണ്ടംഗങ്ങളും ഉള്‍പ്പെടെ എട്ടുപേരാണ് യോഗത്തിനെത്തിയത്. അവിശ്വാസ പ്രമേയ ചര്‍ച്ചക്ക് ശേഷം വോട്ടെടുപ്പ് നടത്തിയപ്പോള്‍ ഏഴംഗങ്ങള്‍ പ്രമേയത്തിനനുകൂലമായി വോട്ട് ചെയ്തു. ബിജെപിയിലെ ഒരംഗം വോട്ട് രേഖപ്പെടുത്തിയില്ല. ഇതോടെ 13 അംഗഭരണ സമിതിയില്‍ ഭൂരിപക്ഷവും അവിശ്വാസം രേഖപ്പെടുത്തിയതോടെ പ്രമേയം പാസ്സാവുകയായിരുന്നു. ബി.ജെ.പി യു.ഡി.എഫ് അവിശുദ്ധ കൂട്ടുകെട്ടിലൂടെയാണ് പഞ്ചായത്ത് ഭരണം അട്ടിമറിച്ചതെന്നും ഏറെ സംതൃപ്തിയോടെയാണ് സ്ഥനമൊഴിയുന്നതെന്നും റീനാസുനില്‍ പറഞ്ഞു. ഭരണത്തില്‍ ഭൂരിപക്ഷം അംഗങ്ങളും സംതൃപ്തരല്ലാത്തത് കൊണ്ടാണ് അവിശ്വാസം പാസ്സായതെന്ന് യു.ഡി.എഫ് അറിയിച്ചു. ശബരിമല വിഷയത്തില്‍ ബി.ജെ.പിയുടെ വികാരം മനസ്സിലാക്കിയാണ് അവിശ്വാസത്തെ അനുകൂലിച്ച് വോട്ടു ചെയ്തതെന്ന് ബി.ജെ.പി അംഗം പറഞ്ഞു. പ്രസിഡണ്ട് പദവി നഷ്ടപ്പെട്ടതോടെ ഉച്ചയോടുകൂടി വൈസ് പ്രസിഡണ്ട് സ്ഥാനവും എല്‍.ഡി.എഫ് രാജിവെച്ചു. യു.ഡി.എഫ് ഹൈക്കോടതി മുഖേന ആവശ്യപ്പെട്ടത് പ്രകാരം വന്‍ പോലീസ് സുരക്ഷയിലാണ് വോട്ടെടുപ്പ് നടന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!