ആരോഗ്യരംഗത്തെ അനഭിലഷണീയ പ്രവണതകള്‍ അംഗീകരിക്കില്ല:മന്ത്രി വീണാ ജോര്‍ജ്ജ്

0

അടിസ്ഥാന സൗകര്യങ്ങളും സംവിധാനങ്ങളുമുണ്ടായിട്ടും സര്‍ക്കാര്‍ ആശുപത്രികളില്‍ സാധാരണക്കാര്‍ക്ക് ചികിത്സ നിഷേധിക്കുന്ന ആരോഗ്യരംഗത്തെ അനഭിലഷണീയ പ്രവണതകള്‍ അംഗീകരിക്കില്ലെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജ് പറഞ്ഞു. ആര്‍ദ്രം ആരോഗ്യം പരിപാടിയില്‍ ജില്ലയില്‍ സുല്‍ത്താന്‍ ബത്തേരി, വൈത്തിരി താലൂക്ക് ആശുപത്രികളും കല്‍പ്പറ്റ ജനറല്‍ ആശുപത്രിയിലും സന്ദര്‍ശനം നടത്തിയശേഷം പൂക്കോട് വെറ്ററിനറി കോളേജില്‍ ജില്ലാതല അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. പൊതുജന ആരോഗ്യ സേവന ദൗത്യത്തില്‍ വയനാട് ജില്ല അഭിമാനകരമായ മുന്നേറ്റമാണ് നടത്തിയത്. എന്നാല്‍ സ്ഥാപന കേന്ദ്രീകൃത പൊതുജന സേവനത്തില്‍ പിന്നോട്ടാണ്. സര്‍ക്കാര്‍ ആതുരാലയങ്ങളില്‍ മികച്ച അടിസ്ഥാന സൗകര്യങ്ങളാണ് ഒരുക്കുന്നത്. പലയിടങ്ങളിലും ഈ സൗകര്യങ്ങള്‍ പൊതുജനങ്ങള്‍ക്ക് ഗുണകരമാകുന്നില്ല. അനാരോഗ്യകരമായ ചില പ്രവണതകളാണ് ആര്‍ദ്രം പദ്ധതിയുടെ വിശാലമായ ലക്ഷ്യത്തിന് വെല്ലുവിളിയാകുന്നത്. ഇത്തരത്തിലുള്ള പ്രവണതകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ സ്ഥാപന മേലധികാരികള്‍ ഉന്നത തലങ്ങളിലറിയിക്കണം. നിരുത്തരവാദപരമായ രീതികള്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും മന്ത്രി വീണാ ജോര്‍ജ്ജ് പറഞ്ഞു.

ടി.സിദ്ധിഖ് എം.എല്‍.എ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ ചന്ദ്രിക കൃഷ്ണന്‍, സി.അസൈനാര്‍, വൈത്തിരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.വി.വിജേഷ്, ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ. കെ.ജെ.റീന, ആരോഗ്യവകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ കെ.സക്കീന, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.പി.ദിനീഷ്, ആര്‍ദ്രം നോഡല്‍ ഓഫീസര്‍ ഡോ.പി.എസ്.സുഷമ, ഡി.പി.എം ഡോ.സമീഹ സെയ്തലവി, ആശുപത്രി സൂപ്രണ്ടുമാര്‍, ആരോഗ്യവകുപ്പ് വിവിധ നിര്‍മ്മാണ ഏജന്‍സികളുടെ പ്രതിനിധികള്‍, വകുപ്പ് തല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ അവലോകന യോഗത്തില്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!