സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശമാണ് പ്രാവാചകന്‍ മുഹമ്മദ് നബി (സ) പകര്‍ന്നു നല്‍കിയതെന്ന് എസ്‌കെഎസ്എസ്എഫ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍.തിരുനബി (സ); സ്‌നേഹം, സമത്വം, സഹിഷ്ണുത എന്ന പ്രമേയത്തില്‍ സമസ്ത കോഡിനേഷന്‍ കമ്മിറ്റി സുല്‍ത്താന്‍ ബത്തേരിയില്‍ സംഘടിപ്പിച്ച മീലാദ് റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ഇസ്ലാമിനെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലുള്ള പ്രചരണങ്ങള്‍ അങ്ങേയറ്റം ഖേദകരമാണെന്നും തങ്ങള്‍ പറഞ്ഞു.
നൂറ് കണക്കിന് വിശ്വാസികളാണ് നബി പ്രകീര്‍ത്തനങ്ങളുമായി സുല്‍ത്താന്‍ ബത്തേരി ടൗണില്‍ നടത്തിയ റാലിയില്‍ അണിനിരന്നത്.പശ്ചിമേഷ്യയില്‍ നടക്കുന്ന യുദ്ധക്കുരുതികള്‍ ഏറെ ദുഃഖകരമാണ്. സംഘര്‍ഷം അവസാനിപ്പിക്കുന്നതിന് ഐക്യരാഷ്ട്ര സംഘടന പോലെയുള്ള സംഘടനകളും ലോക രാജ്യങ്ങളും ഇടപെടണമെന്നും അദ്ദേഹം പറഞ്ഞു. പൊതു സമ്മേളനത്തില്‍ സമസ്ത താലൂക്ക് പ്രസിഡന്റ് കെ കെ ഉമര്‍ ഫൈസി അധ്യക്ഷനായി.മീലാദ് റാലിയില്‍ താലൂക്കിലെ 60 ല്‍ പരം മഹല്ലുകളില്‍ നിന്ന് നൂറ് കണക്കിന് വിശ്വാസികളാണ് അണിനിരന്നത്.
സുല്‍ത്താന്‍ ബത്തേരി വലിയ ജുമാ മസ്ജിദ് പരിസരത്ത് നിന്നാരംഭിച്ച റാലി നഗരം ചുറ്റി സ്വതന്ത്ര മൈതാനിയില്‍ സമാപിച്ചു. 45 ദഫ് ടീമുകളും 11 സ്‌കൗട്ട് ടീമുകളും കൊഴുപ്പേകിയ നബിദിന റാലി കാണാനായി റോഡിന്റെ ഇരു വശങ്ങളിലായി നിരവധി ആളുകളും ഒരുമിച്ചു കൂടിയിരുന്നു.
സമസ്ത താലൂക്ക് ഭാരവാഹികളായ കെ കെ ഉമര്‍ ഫൈസി, അബൂബക്കര്‍ ഫൈസി മണിച്ചിറ, കെ കെ എം ഹനീഫല്‍ ഫൈസി, കെ ഖാലിദ് ഫൈസി, ടി മുഹമ്മദ്, കെ സി കെ തങ്ങള്‍, മുസ്ഥഫ ദാരിമി കല്ലുവയല്‍, അബ്ദുല്ല മാടക്കര, പി പി അയ്യുബ്, മുഹമ്മദ് ദാരിമി,മുഹമ്മദ് ദാരിമി വാകേരി, ഹാരിസ് ബനാന തുടങ്ങിയവര്‍ നേതൃത്വം നല്‍കി.