കാക്കവയല്‍ സുധിക്കവലയിലെ ടാറ്റ കമ്പനി സര്‍വ്വീസ് സെന്ററിലേക്ക് ധര്‍ണ്ണാ സമരവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ ജില്ലാ കമ്മറ്റി.കല്‍പ്പറ്റ-ബത്തേരി റൂട്ടിലോടുന്ന കെഎല്‍.73.സി 9936 എയ്ഞ്ചല ബസിന്റെ മെക്കാനിക്കല്‍ തകരാര്‍ 4 മാസമായിട്ടും പരിഹരിച്ച് നല്‍കിയില്ലെന്നാരോപിച്ചാണ് സമരം നടത്തിയത്.ബസുടമക്ക് ഭീകരമായ നഷ്ടമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്.സംഘടനാ ഭാരവാഹികള്‍ക്ക് കമ്പനി നല്‍കിയ ഉറപ്പും പാലിക്കാതായതോടെയാണ് ജില്ലാകമ്മറ്റിയുടെ നേതൃത്വത്തില്‍ ധര്‍ണ്ണാ സമരവുമായി രംഗത്തെത്തിയത്.
കോഴിക്കോട്ടേയും കാക്കവയലിലെയും അംഗീകൃത സര്‍വ്വീസ് സെന്ററില്‍ മാറി മാറി മെക്കാനിക്കല്‍ പരിശോധന നടത്തുകയും നിര്‍ദ്ദേശിക്കപ്പെട്ട പാര്‍ട്‌സുകള്‍ മാറ്റുകയും ചെയ്തിട്ടും ഇതേവരെയും നല്ല രീതിയില്‍ ബസ് സര്‍വ്വീസ് നടത്താന്‍ സാധിച്ചിട്ടില്ലെന്നും ഭാരവാഹികള്‍ പറയുന്നു. തന്‍മൂലം നിലവിലെ സമരം സൂചന മാത്രമാണെന്നും അടിയന്തിരമായി തകരാര്‍ ശാശ്വതമായി പരിഹരിച്ച് ബസ് സര്‍വ്വീസിനായി വിട്ട് നല്‍കിയില്ലെങ്കില്‍ സംസ്ഥാനത്തെ മുഴുവന്‍ സര്‍വ്വീസ് സെന്ററുകളിലേക്കും ശക്തമായ പ്രക്ഷോഭ പരിപാടികള്‍ വ്യാപിപ്പിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു. ധര്‍ണ്ണാ സമരം സംഘടന ജില്ലാ പ്രസിഡണ്ട് പികെ ഹരിദാസ് ഉല്‍ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് പികെ പ്രേമന്‍, ജില്ലാ ജനറല്‍ സെക്രട്ടറി രഞ്ജിത് റാം, സ്റ്റേറ്റ് ജോയിന്റ് സെക്രട്ടറി രാജശേഖരന്‍ തുടങ്ങിയവര്‍ സംസാരിച്ചു.