അടിവാരം-ലക്കിടി റോപ്പ് വേ  പദ്ധതിയുടെ സാധ്യത തെളിയുന്നു

0

വയനാടന്‍ ടൂറിസത്തിനും യാത്രാപ്രശ്‌നത്തിനും പരിഹാരമായി കാണുന്ന അടിവാരം-ലക്കിടി റോപ്പ് വേ പദ്ധതിയുടെ സാധ്യത തെളിയുന്നു. വയനാട് ചേംബര്‍ ഓഫ് കൊമേഴ്‌സിന്റെ നേതൃത്വത്തിലുള്ള വെസ്റ്റേണ്‍ഘട്ട്‌സ് ലിമിറ്റഡ് കമ്പനിയാണ് പദ്ധതിയുമായി മുന്നോട്ടുപോകുന്നത്. പദ്ധതിയുടെ ഡി.പി.ആര്‍ തയ്യാറാക്കി റവന്യൂ-സാങ്കേതിക സര്‍വേകള്‍ പൂര്‍ത്തിയാക്കിയതായാണ് അധികൃതര്‍ നല്‍കുന്ന വിവരം.

സര്‍ക്കാരില്‍നിന്ന് തുടര്‍നടപടികള്‍ വേഗത്തിലാക്കിയാല്‍ പദ്ധതി എത്രയുംവേഗത്തില്‍ യാഥാര്‍ഥ്യമാക്കാനാണ് ചേംബര്‍ ഓഫ് കൊമേഴ്‌സിന് താത്പര്യം. കഴിഞ്ഞ ദിവസം വ്യവസായവകുപ്പ് മന്ത്രി പി. രാജീവുമായി വിഷയത്തിലുള്ള കൂടിക്കാഴ്ച നിര്‍ണായകമാകുമെന്ന ശുഭപ്രതീക്ഷയിലാണ് അധികൃതര്‍.150 കോടി പ്രതീക്ഷിക്കുന്ന പദ്ധതിയുടെ നടത്തിപ്പുചുമതല 2020-ല്‍ തന്നെ വെസ്റ്റേണ്‍ഘട്ട്‌സ് ലിമിറ്റഡ് കമ്പനിക്ക് കൈമാറിയിരുന്നു. പദ്ധതിക്കുവേണ്ടി അടിവാരത്ത് പത്ത് ഏക്കര്‍ ഭൂമിയും ലക്കിടിയില്‍ ഒന്നേമുക്കാല്‍ ഏക്കര്‍ ഭൂമിയും കമ്പനി വാങ്ങിക്കഴിഞ്ഞു. ലോവര്‍ടെര്‍മിനലായ അടിവാരത്ത് കാര്‍പാര്‍ക്കിങ്ങിനൊപ്പം ടൂറിസം സാധ്യതകള്‍കൂടി കണക്കിലെടുത്താണ് കൂടുതല്‍ ഭൂമി വാങ്ങുന്നത്. ഡി.പി.ആര്‍. സര്‍ക്കാരിലേക്ക് സമര്‍പ്പിച്ചുകഴിഞ്ഞു.പാരിസ്ഥിതികാനുമതിയുമായി ബന്ധപ്പെട്ടുള്ള നിര്‍ണായകമായ മൂന്ന് യോഗങ്ങള്‍ കഴിഞ്ഞതും അനുകൂലമാണ്. വനംവകുപ്പിന്റെ രണ്ട് ഏക്കര്‍ ഭൂമിയാണ് പദ്ധതിക്കായി ഏറ്റെടുക്കേണ്ടിവരുക. പകരമായി നാല് ഏക്കര്‍ ഭൂമി വനംവകുപ്പിന് കൈമാറുന്നതിന്റെ സമ്മതപത്രവും അനുബന്ധരേഖകളും വനംവകുപ്പ് അധികൃതരെ ഏല്‍പ്പിച്ചു. പ്രാരംഭനടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചതിനാല്‍ സര്‍ക്കാരില്‍നിന്ന് വേഗത്തില്‍ തുടരനുമതികള്‍ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് കമ്പനി അധികൃതര്‍

 

Leave A Reply

Your email address will not be published.

error: Content is protected !!