ബസ് യാത്രക്കിടെ രണ്ടു പേര്‍ക്ക് വെട്ടേറ്റ സംഭവം: അഞ്ചു പേര്‍ കസ്റ്റഡിയില്‍

0

സ്വകാര്യ ബസ്സില്‍ യാത്ര ചെയ്യുന്നതിനിടെ രണ്ടു പേര്‍ക്ക് വെട്ടേറ്റ സംഭവത്തില്‍ അഞ്ചുപേര്‍ പോലീസ് കസ്റ്റഡിയില്‍. ഇരുളം സ്വദേശികളായ അഞ്ചുപേരാണ് കസ്റ്റഡിയിലായത്. ഇവരെ ചോദ്യം ചെയ്തു വരികയാണെന്ന് പോലീസ് അറിയിച്ചു. ശനിയാഴ്ച വൈകിട്ടാണ് ബസില്‍ യാത്ര ചെയ്യുന്നതിനിടെ ഇരുളം ഓര്‍ക്കടവ് സ്വദേശികളായ നിജു (34),സുരേന്ദ്രന്‍ (55) എന്നിവര്‍ക്കാണ് പുല്‍പ്പള്ളി എരിയപ്പള്ളിയില്‍ വെച്ച് വെട്ടേറ്റത്. ബസിലുണ്ടായ തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചത്. നിജുവിന്റെ പരിക്ക് ഗുരുതരമായതിനാല്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കൈ ഞരമ്പുകള്‍ അറ്റുപ്പോയ അവസ്ഥയിലായതിനാല്‍ നിജുവിനെ ഇന്ന് ശസ്ത്രക്രിയക്ക് വിധേയനാക്കും. പരിക്കേറ്റ സുരേന്ദ്രന്‍ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. അക്രമത്തില്‍ സുരേന്ദ്രന്റെ ഇടതു കൈയ്യുടെ ഞരമ്പ് അറ്റിരുന്നു. പെയിന്റിംഗ് തൊഴിലാളികളായ ഇരുവരും ജോലി കഴിഞ്ഞ് ഇരുളത്തേക്ക് മ ടങ്ങുകയായിരുന്നു. നിജുവിന് നേരെ അക്രമമുണ്ടായപ്പോള്‍ തടയാന്‍ ശ്രമിച്ചപ്പോഴായിരുന്നു സുരേന്ദ്രന് വെട്ടേറ്റത്. സംഭവം നടന്ന സ്വകാര്യ ബസില്‍ ഇന്ന് വിരലടയാള വിദഗ്ധരും ഫോറന്‍സിക് ഉദ്യോഗസ്ഥരും പരിശോധന നടത്തും. പുല്‍പ്പള്ളി സി ഐ അനന്തകൃഷ്ണന്‍, എസ് ഐ മനോജ് എന്നിവരുടെ നേതൃത്വത്തിലാണ് കേസ് അനേഷിക്കുന്നത്. വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരമാണ് കേസ് എടുത്തിട്ടുള്ളത്.

 

Leave A Reply

Your email address will not be published.

error: Content is protected !!