ബത്തേരി സര്‍വജന സ്‌കൂള്‍ ഹൈടെക് കെട്ടിടം ഉദ്ഘാടനം ചെയ്തു

0

വിദ്യാര്‍ത്ഥികളുടെ പഠന നിലവാരം ഉയര്‍ത്താന്‍ അധ്യാപകര്‍ മുന്‍കൈയ്യെടുക്കണമെന്ന് മന്ത്രി വി. ശിവന്‍കുട്ടി. വിവരസാങ്കേതിക വിദ്യ വിരല്‍തുമ്പിലുള്ള കാലഘട്ടമാണിതെന്നും നല്ല തയ്യാറെടുപ്പുകളോടെ വേണം അധ്യാപകര്‍ ക്ലാസുകളില്‍ എത്താനെന്നും ഇതിനായി അധ്യാപകര്‍ക്ക് ഓരാഴ്ചത്തെ സഹവാസ ക്യാമ്പുകള്‍ നടത്തുമെന്നും മന്ത്രി പറഞ്ഞു.ബത്തേരി സര്‍വ്വജന സ്‌കൂളില്‍ നിര്‍മ്മിച്ച ഹെസ്‌കൂള്‍ കെട്ടിടം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്ത് സ്‌കൂളുകളില്‍ 3800 കോടി രൂപയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് നടന്നുവരുന്നത്. വിദ്യാഭ്യാസ മേഖലയില്‍ ഭൗതിക സൗകര്യങ്ങളെല്ലാം ഒരുക്കിയിട്ടുണ്ട്്്. ഇനി ഊന്നല്‍ നല്‍കേണ്ടത് വിദ്യാര്‍ഥികളുടെ പഠന നിലവാരം മെച്ചപെടുത്താനാണ്. അതിന് അധ്യാപകരും പി.ടി.എയും മുന്‍കൈയ്യെടുക്കണം. ദേശിയ അടിസ്ഥാനത്തില്‍ നടത്തുന്ന പരീക്ഷകളില്‍ മുന്‍പന്തിയിലെത്താന്‍ കുട്ടികളെ പ്രാപ്തരാക്കാനും അധ്യാപകര്‍ ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു.

2019 നവംബറില്‍ സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനി ഷഹല ഷെറിന്‍ ക്ലാസ് മുറിയില്‍ വെച്ച് പാമ്പുകടിയേറ്റ് മരിച്ചതിനെ തുടര്‍ന്നാണ് പഴയ കെട്ടിടം പൊളിച്ച് അതേസ്ഥാനത്ത് മൂന്ന് കോടി രൂപ ചെലവഴിച്ച് മൂന്ന് നില കെട്ടിടം നിര്‍മ്മിച്ചത്. ഉദ്ഘാടന ചടങ്ങില്‍ ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എ. അധ്യക്ഷനായി. നഗരസഭാ ചെയര്‍മാന്‍ ടി.കെ. രമേശടക്കം ജനപ്രതിനിധികളും രാഷ്ട്രീയ പാര്‍ട്ടി വ്യാപാരി പ്രതിനിധികളും പൂര്‍വ്വവിദ്യാര്‍ഥികളും സംബന്ധിച്ചു.

 

Leave A Reply

Your email address will not be published.

error: Content is protected !!