കുറുവാദ്വീപിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്

0

ഓണം അവധിക്കാലത്തിന് ശേഷം വീണ്ടും വയനാട്ടിലെ സുപ്രധാന ഇക്കോ ടൂറിസം കേന്ദ്രങ്ങളിലൊന്നായ കുറുവാദ്വീപിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്. കാനനഭംഗിയും ചങ്ങാട സവാരിയുമാണ് സഞ്ചാരികളെ ആകര്‍ഷിക്കുന്ന പ്രധാനഘടകം. മഴ ലഭിച്ചതോടെ കാടുകളും, നെല്‍വയലുകളും ഒരുപോലെ പച്ചപ്പാര്‍ന്നത് സഞ്ചാരികള്‍ക്ക് സമ്മാനിക്കുന്നത് പുത്തന്‍ അനുഭവമാണ്. 1150 പേര്‍ക്കാണ് നിലവില്‍ ഒരു ദിവസം ദ്വീപിലേക്ക് പ്രവേശിക്കാനുള്ള അനുമതി.

 

 

ഓണാവധിക്ക് ശേഷം ദ്വീപിലെത്തുന്നവരുടെ എണ്ണത്തില്‍ കുറവുണ്ടായെങ്കിവും നിലവില്‍ കുറുവയിലെത്തുന്ന സഞ്ചാരികളുടെ എണ്ണത്തില്‍ നല്ല വര്‍ധനവുണ്ടായിട്ടുണ്ടെന്ന് ബീറ്റ് ഫോറസ്റ്റ് ഓഫീസറായ കെ കെ താരാനാഥ് പറഞ്ഞു. പൂജ അവധിയാകുമ്പോഴേക്കും തിരക്ക് വീണ്ടും വര്‍ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. വനംവകുപ്പിന്റെ ഉടമസ്ഥതയിലുള്ള പാക്കം വഴി-575 ,ഡി ടി പി സി മേല്‍നോട്ടം വഹിക്കുന്ന പാല്‍വെളിച്ചം വഴി-575 എന്നിങ്ങനെ ആകെ 1150 പേര്‍ക്കാണ് നിലവില്‍ ഒരു ദിവസം ദ്വീപിലേക്ക് പ്രവേശിക്കാനുള്ള അനുമതി. മുതിര്‍ന്നവര്‍ക്ക് 110 രൂപയും, വിദേശികള്‍ക്ക് 200 രൂപയും, വിദ്യാര്‍ഥികള്‍ക്ക് 75 രൂപയുമാണ് കുറുവാദ്വീപിലേക്കുള്ള പ്രവേശനഫീസ്. ചങ്ങാടസവാരിക്ക് അഞ്ച് പേര്‍ക്ക് 20 മിനിറ്റിന് 400 രൂപയും, അര മണിക്കൂറിന് 450 രൂപയുമാണ് ഈടാക്കുന്നത്. ആളുകളെ പ്രവേശിപ്പിക്കുന്ന കാര്യത്തില്‍ തുടരുന്ന നിയന്ത്രണങ്ങള്‍ അവസാനിപ്പിക്കണമെന്നതാണ് സഞ്ചാരികള്‍ മുന്നോട്ടുവെക്കുന്ന പ്രധാന ആവശ്യം. പ്രതിദിനം പ്രവേശിക്കുന്ന ആളുകളുടെ എണ്ണമെത്തിയതിനാല്‍ അവധിക്കാലത്തും മറ്റും നിരവധി പേര്‍ക്ക് കുറുവയിലെത്തി മടങ്ങിപ്പോകേണ്ട സാഹചര്യമുണ്ടായിരുന്നു. കൊവിഡ് കാലത്ത് ഏര്‍പ്പെടുത്തിയ നിയന്ത്രണം നിലവിലെ സാഹചര്യത്തില്‍ തുടരേണ്ട സാഹചര്യമില്ലെന്നാണ് സന്ദര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നത്. പാക്കം, പാല്‍വെളിച്ചം വഴിയിലൂടെ കുറുവദ്വീപിലേക്ക് എത്തുന്നവരെ നിലവില്‍ കാത്തിരിക്കുന്നത് പച്ചപ്പണിഞ്ഞ വനഭംഗിയാണ്. പാതകള്‍ക്ക് ഇരുവശത്തുമായി പച്ചപ്പണിഞ്ഞതോടെ മാനുകള്‍ കൂട്ടത്തോടെ മേയുന്നതും നിത്യകാഴ്ചയാണ്. കുറുവാദ്വീപിലേക്ക് പ്രവേശിച്ചാല്‍ പോലും സഞ്ചാരികളെ കാത്തിരിക്കുന്നത് പച്ചപ്പണിഞ്ഞ നെല്‍വയലുകളുടെ ഭംഗിയുള്ള കാഴ്ചയാണ്. ചങ്ങാടയാത്രയും, അതോടൊപ്പം ദ്വീപിനുള്ളിലെ കാഴ്ചകളും മുള ഉപയോഗിച്ച് നിര്‍മ്മിച്ച വിശ്രമസ്ഥലങ്ങളുമെല്ലാം സഞ്ചാരികളെ ഏറെ ആകര്‍ഷിക്കുന്നതാണ്. കേരളത്തിലെ കിഴക്കോട്ട് ഒഴുകുന്ന നദിയായ കബനിയുടെ പോഷകനദിയിലാണ് 950 ഏക്കര്‍ വിസ്തൃതിയുള്ള കുറുവാദ്വീപ് സ്ഥിതി ചെയ്യുന്നത്. ജനവാസമില്ലാത്ത ഈ ദ്വീപിന്റെ ഏറ്റവും വലിയ പ്രത്യേകത അപൂര്‍വ്വസസ്യങ്ങളാണ്. അപൂര്‍വയിനം പക്ഷികളും, ഔഷധചെടികളുമെല്ലാം ഈ ദ്വീപിലുണ്ട്. 150-ഓളം ചെറുദ്വീപുകളുടെ കൂട്ടമായ ഇവിടുത്തെ ഏറ്റവും വലിയ മറ്റൊരു പ്രത്യേകത ചങ്ങാടയാത്ര തന്നെയാണ്.

 

Leave A Reply

Your email address will not be published.

error: Content is protected !!