പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗീകാതിക്രമം: പ്രതിക്ക് അഞ്ച് വര്‍ഷം തടവും പിഴയും
പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ പ്രതിക്കെതിരെ അഞ്ച് വര്‍ഷം കഠിന തടവും 10000 രൂപ പിഴയും വിധിച്ചു. കണിയാമ്പറ്റ, പച്ചിലക്കാട് സ്വദേശിയായ ബാലസുബ്രഹ്‌മണ്യ(42)ത്തെയാണ് കല്‍പ്പറ്റ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി ജഡ്ജ് കെ.ആര്‍. സുനില്‍കുമാര്‍ ശിക്ഷിച്ചത്. 2022 ജനുവരിയില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് വിധി പറഞ്ഞത്. കൂട്ടുകാരോടൊപ്പം കളിച്ചു കൊണ്ടിരുന്ന കുട്ടിയെ പിടിച്ചു വലിച്ചു കൊണ്ടുപോയി ലൈംഗിക അതിക്രമത്തിന് ഇരയാക്കി എന്നായിരുന്നു പരാതി. അന്നത്തെ കമ്പളക്കാട് പോലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്പെക്ടര്‍ ആയിരുന്ന പി.പി. അഖിലാണ് കേസന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്.
പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. ജി. ബബിത ഹാജരായി. അന്വേഷണ സംഘത്തില്‍ കമ്പളക്കാട് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ വിപിന്‍, രതീഷ് തുടങ്ങിയവരും, പ്രോസിക്യൂഷനെ സഹായിക്കുന്നതിനായി സിവില്‍ പോലീസ് ഓഫീസറായ റമീനയുമുണ്ടായിരുന്നു.