നൂല്‍പ്പുഴ മൂലങ്കാവ് എറളോട്ട്കുന്നില്‍ വളര്‍ത്തുമൃഗങ്ങളെ കൊന്ന് ഭീതിപരത്തുന്ന കടുവയെ പിടികൂടാന്‍ കൂട് വെക്കാന്‍ തീരുമാനം. ഇന്ന് എം.എല്‍.എ ഐസി ബാലകൃഷ്ണന്റെ നേതൃത്വത്തില്‍ നൂല്‍പ്പുഴ പഞ്ചായത്തില്‍ ചേര്‍ന്ന സര്‍വവക്ഷി യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമായിരിക്കുന്നത്. പട്രോളിങ് ശക്തമാക്കാനും ആവശ്യമെങ്കില്‍ ജാഗ്രത അനൗണ്‍സ്മെന്റ് നടത്താനും യോഗത്തില്‍ തീരുമാനിച്ചു.
നൂല്‍പ്പുഴ പഞ്ചായത്തിലെ പതിനേഴാംവാര്‍ഡില്‍പെടുന്ന എറളോട്ടുകുന്നില്‍ കഴിഞ്ഞഏതാനും ദിവസങ്ങളായി തുടരുന്ന കടുവ ഭീതിക്ക് അറുതിവരുത്തുന്നതുമായി ബന്ധപ്പെട്ട സര്‍വ്വകക്ഷി യോഗത്തിലാണ് പ്രദേശത്ത് കൂടുവെക്കാന്‍ തീരുമാനിച്ചത്. ഇതുസംബന്ധിച്ച് വനംവകുപ്പിന്റെ ഉന്നത ഉദ്യോഗസ്ഥനില്‍ അനുമതി ലഭിക്കുന്നമുറയ്ക്ക് ഇന്ന് തന്നെ കൂടൂവെക്കുമെന്ന് സര്‍വ്വകക്ഷി യോഗത്തില്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട രേഖകള്‍ ഉന്നതവനംവകുപ്പ് ഓഫീസിലേക്ക് അയച്ചിട്ടുണ്ട്. പട്രോളിങ് ശക്തമാക്കാനും, ആവശ്യമെങ്കില്‍ ജാഗ്രത അനൗണ്‍സ്മെന്റ് നടത്തും. സ്വകാര്യവ്യക്തികളുടെ ഉടമസ്ഥതയിലുള്ള കാടുമൂടി കിടക്കുന്ന സ്ഥലങ്ങള്‍ വെട്ടിവൃത്തിയാക്കാന്‍ പഞ്ചായത്തും റവന്യുവകുപ്പും ഉടമകള്‍ക്ക് നോട്ടീസ് നല്‍കും. പഞ്ചായത്തിലെ വന്യമൃഗശല്യത്തിന് പരിഹാരം കാണുന്നതിനായി നോഡല്‍ ഓഫീസറുടെ സാനിധ്യത്തില്‍ ജാഗ്രതസമിതി വിളിച്ചുചേര്‍ക്കാനും തീരുമാനിച്ചു. രണ്ടാംഘട്ടഅവലോകന ശനിയാഴ്ച രാവിലെ നടത്താനും സര്‍വ്വകക്ഷി യോഗത്തില്‍ തീരുമാനിച്ചിട്ടുണ്ട്. പട്രോളിങ്ങിനും മറ്റും പൂര്‍ണമായ സഹകരണം പൊലിസും ഉറപ്പുനല്‍കിയിട്ടുണ്ട്. യോഗത്തില്‍ എം.എല്‍.എയെ കൂടാതെ പഞ്ചായത്ത് പ്രസിഡന്റ് ഷീജ സതീഷ്, വൈസ് പ്രസിഡന്റ് എന്‍.എ ഉസ്മാന്‍, ജില്ലാപഞ്ചായത്ത്, ബ്ലോക്ക്, പഞ്ചായത്ത് അംഗങ്ങള്‍, ബത്തേരി പൊലിസ് ഇന്‍സ്പെക്ടര്‍, ബത്തേരി, മുത്തങ്ങ റെയിഞ്ച് ഓഫീസര്‍മാര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും സംബന്ധിച്ചു.