വൈദ്യുതി അപകടം: നഷ്ടപരിഹാരം വൈകരുത്; ജില്ലാ കളക്ടര്‍

0

വൈദ്യുതി അപകടങ്ങളില്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് ഒരുമാസത്തിനുള്ളില്‍ തന്നെ നഷ്ടപരിഹാരം ലഭ്യമാക്കണമെന്ന് ജില്ലാ കളക്ടര്‍ എ ആര്‍ അജയകുമാര്‍ നിര്‍ദ്ദേശം നല്‍കി. വൈദ്യുത അപകടങ്ങള്‍ കുറയ്ക്കുന്നതിന്റെ ഭാഗമായി ജില്ലാ കളക്ടര്‍ ചെയര്‍മാനും കെ.എസ്.ഇ.ബി ലിമിറ്റഡ് ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ കണ്‍വീനറുമായി രൂപംകൊണ്ട ജില്ലാ വൈദ്യുത അപകട നിവാരണ സമിതിയുടെ ഈ വര്‍ഷത്തെ പ്രഥമയോഗത്തിലാണ് കളക്ടര്‍ ഇക്കാര്യം ആവശ്യപ്പെട്ടത്. ഭൂഗര്‍ഭ വൈദ്യുതി കേബിളുകള്‍ കടന്നുപോവുന്ന ഇടങ്ങളില്‍ മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കണം. മറ്റു ജില്ലകളെ താരതമ്യം ചെയ്യുമ്പോള്‍ ജില്ലയില്‍ വൈദ്യുത അപകടങ്ങള്‍ കുറവാണ്. 2014 ഒക്ടോബറിനു ശേഷം 57 വൈദ്യുത അപകടങ്ങള്‍ ജില്ലയിലുണ്ടായിട്ടുണ്ട്. ശ്രദ്ധക്കുറവും വൈദ്യുതി അപകടങ്ങളെക്കുറിച്ചുള്ള അജ്ഞതയും കാരണമാണ് മരണങ്ങള്‍ ഏറെയും സംഭവിച്ചത്. 18,51,553 രൂപ നഷ്ടപരിഹാരമായി ഇതുവരെ നല്‍കി. അപകടങ്ങള്‍ കുറയ്ക്കുന്നതിനായി വൈദ്യുതി വകുപ്പ് ഇതിനകം തന്നെ നിരവധി ബോധവല്‍കരണ പരിപാടികള്‍ സംഘടിപ്പിച്ചു. സുരക്ഷാ വാരാചരണത്തിന്റെ ഭാഗമായി പൊതുജനങ്ങളെയും വിദ്യാര്‍ത്ഥികളെയും സംഘടിപ്പിച്ച് ബോധവല്‍ക്കരണ സെമിനാര്‍ നടത്തി. സെക്ഷന്‍ ഓഫീസ് പരിധികളില്‍ ബോധവല്‍ക്കരണ ക്ലാസ്സുകള്‍, വിവിധ മത്സരങ്ങള്‍, ബോധവല്‍ക്കരണ ജാഥകള്‍ തുടങ്ങിയവയും സംഘടിപ്പിച്ചു. കെ.എസ്.ഇ.ബി ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ എം.പി ശ്യാം പ്രസാദ്, പി.ഡബ്ല്യു.ഡി, പോലീസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!