ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികളുടെ കൂട്ടായ്മയായ ഡെമോക്രാറ്റിക് ട്രാന്‍സ് ജെന്‍ഡര്‍ ഫെഡറേഷന്‍ ഓഫ് കേരള വയനാട്ടിലും പ്രവര്‍ത്തനമാരംഭിച്ചു.സി.പി.എം വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികളുടെ ജില്ലാ കണ്‍വെന്‍ഷന്‍.കല്‍പ്പറ്റ പിഎ മുഹമ്മദ് സ്മാരക ഡിജിറ്റല്‍ ഹാളില്‍ ട്രാന്‍സ് ജെന്‍ഡര്‍ വ്യക്തികളുടെ ജില്ലാ കണ്‍വെന്‍ഷന്‍ മുന്‍ എം.എല്‍.എ സികെ ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികളുടെ അവകാശപോരാട്ടങ്ങളില്‍ പൊതുസമൂഹത്തിന്റെ പിന്തുണ ആവശ്യമാണന്ന് ഡി.ടി.എഫ്.കെ സംസ്ഥാന പ്രസിഡന്റ് നേഹ സി മേനോനും മറ്റ് ഭാരവാഹികളും പറഞ്ഞു.
സംസ്ഥാനത്ത്ട്രാന്‍സ്‌ജെന്‍ഡര്‍ ക്ഷേമ പ്രവര്‍ത്തനങ്ങളും പദ്ധതികളും രാജ്യത്തിന് തന്നെ മാതൃകയായി നടപ്പിലാക്കി വരുന്നുണ്ട്. കേരളത്തിലെ ട്രാന്‍സ് ജെന്‍ഡര്‍ വ്യക്തികളുടെ സാമൂഹ്യ പദവിക്കും അവകാശങ്ങള്‍ക്കുമായി കൂടെയുണ്ടാകുമെന്ന് സി.പി.എം നേതാക്കള്‍ പറഞ്ഞു . ഇരുപതോളം ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ കണ്‍വെന്‍ഷനില്‍ പങ്കെടുത്തു. ഭരണഘടനാപരമായ അവകാശവും, തുല്യതയും ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് ലഭ്യമാക്കുന്നതിനും മെച്ചപ്പെട്ട ജീവിത സാഹചര്യം ഉണ്ടാകുന്നതിനും ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. മുതിര്‍ന്ന ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തി ഉണ്ണിമായയെ സിപിഐ എം ജില്ലാ സെക്രട്ടറി പി ഗഗാറിന്‍ ആദരിച്ചു.സംഘടനയുടെ ഭാരവാഹികളായി ഡോ.ശിവ ( പ്രസിഡന്റ്), മായാരവി (സെക്രട്ടറി), സോണിയ ബൈജു (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.