പുകയില രഹിത കോളനി പ്രഖ്യാപനവും ഊര് മൂപ്പന്മാര്‍ക്കുള്ള ശില്‍പ്പശാലയും നടത്തി

0

പുക ഇല്ല ക്യാമ്പയിനിന്റെ ഭാഗമായി ആരോഗ്യ വകുപ്പ്, ആരോഗ്യ കേരളം വയനാട്, പട്ടികവര്‍ഗ്ഗ വികസന വകുപ്പ് എന്നിവരുടെ സംയുക്താഭിമുഖ്യത്തില്‍ ഊര് മൂപ്പന്‍മാര്‍ക്കുള്ള ശില്‍പ്പശാലയും പുകയില രഹിത കോളനി പ്രഖ്യാപനവും നടത്തി. ആസൂത്രണ ഭവന്‍ എ.പി.ജെ ഹാളില്‍ പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ കളക്ടര്‍ ഡോ. രേണു രാജ് പുകയില രഹിത കോളനി പ്രഖ്യാപനം നടത്തി. ജില്ലയെ ഘട്ടം ഘട്ടമായി പുകയില രഹിതമായി പ്രഖ്യാപിക്കുക എന്ന ലക്ഷ്യത്തോടെയാണ് ആരോഗ്യവകുപ്പ് പുക ഇല്ല ക്യാമ്പയിന്‍ ആരംഭിച്ചത്.

ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. പി. ദിനീഷ് അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടര്‍ ഡോ. രേണു രാജ് പുകയില രഹിത കോളനി പ്രഖ്യാപനം നടത്തി. പുക ഇല്ല ക്യാമ്പയിന്‍ മത്സര ബുദ്ധിയോടെ കാണണമെന്നും ജില്ലയിലെ എല്ലാ കോളനികളും വേഗത്തില്‍ പുകയില രഹിതമാകണമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു.

ജില്ലയെ ഘട്ടം ഘട്ടമായി പുകയില രഹിതമായി പ്രഖ്യാപിക്കുക എന്ന ലക്ഷ്യത്തോടെയാണ് ആരോഗ്യവകുപ്പ് പുക ഇല്ല ക്യാമ്പയിന്‍ ആരംഭിച്ചത്. ഘട്ടം ഘട്ടമായി ഊരുകളെ പുകവലി വിമുക്തമാക്കും. ഓരോ വ്യക്തിയും ഒരാളെയെങ്കിലും പുകയില വിമുക്തമാക്കുക എന്നത് ഈ ക്യാമ്പയിന്‍ ലക്ഷ്യമിടുന്നു. ആദ്യഘട്ടത്തില്‍ മീനങ്ങാടി ഗ്രാമപഞ്ചായത്തിലെ കാപ്പിക്കുന്ന് കോളനി പുകവലി രഹിതമായി പ്രഖ്യാപിച്ചിരുന്നു. രണ്ടാം ഘട്ടത്തില്‍ എടവക പഞ്ചായത്തിലെ മണല്‍ വയല്‍ കോളനിയും പുകവലി രഹിത കോളനിയായി പ്രഖ്യാപിച്ചു. പുക ഇല്ല ക്യാമ്പയിനിന്റെ ഭാഗമായി മണല്‍ വയല്‍ കോളനിയില്‍ പുകവലിക്കാരായ രണ്ടുപേരും പുകവലി ഉപേക്ഷിച്ചു. ക്യാമ്പയിന് നേതൃത്വം നല്‍കിയ ഊര് മൂപ്പന്‍മാരെ ആദരിച്ചു.

ജില്ലയിലെ വിവിധ ഊരുകളിലെ മൂപ്പന്‍മാര്‍ അവരുടെ പ്രശ്‌നങ്ങള്‍ ജില്ലാ കളക്ടറുടെയും പഞ്ചായത്ത് പ്രസിഡന്റിന്റെയും ശ്രദ്ധയില്‍പ്പെടുത്തി. ശില്‍പശാലയില്‍ പുകയിലയും അര്‍ബുദവും, കുഷ്ഠ രോഗ നിര്‍മ്മാര്‍ജനം, പുക ഇല്ല ക്യാമ്പയിന്‍ കോളനികളില്‍, മാതൃ ശിശു സംരക്ഷണം കോളനികളില്‍, ജനകീയ ആരോഗ്യ കേന്ദ്രം, ക്ഷയ രോഗം കോളനികളില്‍ എന്നീ വിഷയങ്ങളില്‍ ഡെപ്യൂട്ടി ഡി.എം.ഒ മാരായ ഡോ. പ്രിയ സേനന്‍, ഡോ. സാവന്‍ സാറാ മാത്യു, ടെക്‌നിക്കല്‍ അസിസ്റ്റന്റ് കെ.എം ഷാജി, പുല്‍പ്പള്ളി പി.എച്ച്.സി പബ്ലിക് ഹെല്‍ത്ത് നേഴ്‌സ് ടൈനി ജോണ്‍, ജില്ലാ ആര്‍ദ്രം നോഡല്‍ ഓഫീസര്‍ ഡോ. പി.എസ് സുഷമ, ബത്തേരി താലൂക്ക് ആശുപത്രി സീനിയര്‍ ടി.ബി ട്രീറ്റ്‌മെന്റ് സൂപ്പര്‍വൈസര്‍ വിജയനാഥ് എന്നിവര്‍ ക്ലാസ്സ് നയിച്ചു.

ചീക്കല്ലൂര്‍ കോളനിയിലെ വാസുദേവന്‍ പണിയ ഭാഷയില്‍ എഴുതിയ പുസ്തകം ജില്ലാ കളക്ടര്‍ ഡോ. രേണു രാജ് പ്രകാശനം ചെയ്തു. ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. സമീഹ സൈതലവി, ജില്ലാ എജ്യുക്കേഷന്‍ ആന്റ് മാസ്സ് മീഡിയ ഓഫീസര്‍ ഹംസ ഇസ്മാലി, ഐ.ടി.ഡി.പി ജൂനിയര്‍ സൂപ്രണ്ട് സിജോ ലുക്കോസ്, ആരോഗ്യ കേരളം ജൂനിയര്‍ കണ്‍സള്‍ട്ടന്റ് കെ.സി നിജില്‍, കണിയാമ്പറ്റ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ സീനിയര്‍ സൂപ്രണ്ട് സി. രാജേശ്വരി, ഊര് മൂപ്പന്‍മാരായ പള്ളിയറ രാമന്‍, ചാപ്പന്‍, ശിവരാമന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

മണല്‍വയല്‍ ഇനി പുകവലി രഹിത കോളനി

എടവക പഞ്ചായത്തിലെ മണല്‍വയലിനെ പുകയില രഹിത കോളനിയായി ജില്ലാ കളക്ടര്‍ ഡോ. രേണു രാജ് പ്രഖ്യാപിച്ചു. കോളനിയിലെ പുകവലിക്കാരായ മുഴുവന്‍ പേരും പുകവലി ഉപേക്ഷിച്ച് പുകവലി രഹിത യജ്ഞത്തില്‍ പങ്കാളികളായതോടെയാണ് മണല്‍വയല്‍ പുകവലി രഹിത കോളനിയായി മാറിയത്. ലോക പുകയില രഹിത ദിനാചരണത്തില്‍ ജില്ലയിലെ ആദ്യ പുകവലി രഹിത കോളനിയായി കാപ്പിക്കുന്ന് കോളനിയെ പ്രഖ്യാപിച്ചിരുന്നു. പുകയില ഉല്‍പ്പന്നങ്ങള്‍ പൂര്‍ണ്ണമായും ഉപേക്ഷിച്ച മണല്‍വയല്‍ കോളനിയിലെ ഊരുമൂപ്പന്‍മാരായ കേളു, ചാപ്പന്‍ എന്നിവരെയും കാപ്പികുന്ന് കോളനിയിലെ ഊരുമൂപ്പന്‍മാരായ കെ.കെ ശിവരാമന്‍, കെ.പി മനോഹരന്‍, കുഞ്ഞിരാമന്‍ എന്നിവരെയും ജില്ലാ കളക്ടര്‍ ആദരിച്ചു.

 

Leave A Reply

Your email address will not be published.

error: Content is protected !!