മിന്നു മണിക്ക് പിന്നാലെ ക്രിക്കറ്റിലേക്ക് പുതിയ താരങ്ങളെ വാര്‍ത്തെടുക്കുകയാണ് കൃഷ്ണഗിരി ക്രിക്കറ്റ് അക്കാദമി. ഗുജറാത്ത് ടൈറ്റന്‍സിലേക്കുള്ള സെലക്ഷന്‍ ട്രയല്‍സില്‍ പങ്കെടുക്കുന്നതിനായി സംസ്ഥാനത്ത് നിന്നും തെരഞ്ഞെടുക്കപ്പെട്ട 9 പേരില്‍ 5 പേരും കൃഷ്ണഗിരി ക്രിക്കറ്റ് അക്കാദമിയില്‍ നിന്നുള്ളവരാണ്. ഈ മാസം 15ന് ടീമംഗങ്ങള്‍ ബാംഗ്ലൂരിലേക്ക് പുറപ്പെടും.സീനിയര്‍ താരവും മാനന്തവാടി സ്വദേശിനിയുമായ സജിന സജീവന്‍ , കല്‍പ്പറ്റയിലെ ജോഷിദ വി.ജെ, മലപ്പുറം സ്വദേശിനി നജില, ദൃശ്യ മുട്ടില്‍
, മൃദുല ബത്തേരി എന്നിവരാണ് സെലക്ഷന്‍ ട്രയല്‍സില്‍ പങ്കെടുക്കുന്നത്.
വയനാട് ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡണ്ട് അബ്ദുള്‍ സമദ്, സെക്രട്ടറി നാസര്‍ മച്ചാന്‍, അഡ്വ: ടിപി ബാലകൃഷ്ണന്‍ തുടങ്ങിയവരുടെ നേതൃത്വ പാഠവവും,ചിട്ടയാര്‍ന്ന പരിശീലനത്തിലൂടെ കുട്ടികളിലെ കഴിവ് കണ്ടെത്തുന്നതിനും മികവ് പുലര്‍ത്തുന്നതിനുമുള്ള അവസരം നല്‍കുന്ന കോച്ച് ദീപ്തിയുടെയും, ജസ്റ്റിന്‍ ഫെര്‍ണാണ്ടസിന്റെയും സഹപ്രവര്‍ത്തകരുടെയും കൂട്ടായ പ്രവര്‍ത്തനവുമാണ് ക്രിക്കറ്റ് ഭൂപടത്തില്‍ കൃഷ്ണഗിരിക്ക് പ്രഥമ പരിഗണന നല്‍കുന്നത്.സംസ്ഥാനത്ത് നിന്നും ഗുജറാത്ത് ടൈറ്റന്‍സ് ട്രയല്‍സില്‍ പങ്കെടുക്കാനായി പോകുന്നവരില്‍ ഏറ്റവും പ്രായം കുറഞ്ഞ ആള്‍ പതിനേഴുകാരിയായ കാക്കവയല്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ പ്ലസ്ടു കൊമേഴ്‌സ് വിദ്യാര്‍ത്ഥിനി ജോഷിതയാണ്. മികച്ച ഫാസ്റ്റ് ബൗളറാണ് ജോഷിത. നിലവില്‍ അണ്ടര്‍ 16, അണ്ടര്‍ 19 ഇനങ്ങളില്‍ കേരളാ ടീമിനു വേണ്ടി മികവ് പുലര്‍ത്തിയ ജോഷിത സോണല്‍ ക്രിക്കറ്റ് അക്കാദമിയില്‍ നിന്നും, നാഷനല്‍ ക്രിക്കറ്റ് അക്കാദമിയില്‍ നിന്നും പരിശീലനം നേടിയിട്ടുണ്ട് .