കുന്താണി ഗവണ്‍മെന്റ് എല്‍ പി സ്‌കൂളിലേക്കാണ് 250 ഓളം പുസ്തകങ്ങളുമായി വിദ്യാലയത്തിലെ പൂര്‍വ്വ വിദ്യാര്‍ത്ഥി ലീന സാബു എത്തിയത്. താന്‍ ആദ്യാക്ഷരങ്ങള്‍ പഠിച്ച വിദ്യാലയത്തില്‍ ഞങ്ങള്‍ ഒന്നിച്ച് ആയിരം പുസ്തകങ്ങള്‍ എന്ന പദ്ധതി ആരംഭിച്ചത് അറിഞ്ഞാണ് അവര്‍ എത്തിയത്. പുസ്തകങ്ങള്‍ വാര്‍ഡ് മെമ്പര്‍, പ്രധാനാധ്യാപിക, പി.ടി.എ പ്രസിഡണ്ട്, സ്‌കൂള്‍ ലീഡറും ചേര്‍ന്ന് ലീനയില്‍ നിന്ന് ഏറ്റുവാങ്ങി.കുട്ടികളും രക്ഷിതാക്കളും അധ്യാപകരും ചേര്‍ന്ന് ഒരു വര്‍ഷം കൊണ്ട് ആയിരം പുസ്തകങ്ങള്‍ വായിക്കുകയും ആയിരം പുസ്തകങ്ങളുടെ ആസ്വാദനക്കുറിപ്പുകള്‍ ഉള്‍പ്പെടുന്ന പുസ്തകം പ്രസിദ്ധീകരിക്കുകയുമാണ് ജൂണ്‍ 19 വായനാദിനത്തില്‍ ആരംഭിച്ച പദ്ധതിയുടെ ലക്ഷ്യം.
രക്ഷിതാക്കള്‍ക്കുള്ള പുസ്തക വിതരണത്തിന്റെ ഉദ്ഘാടനം ലൈബ്രറിയുടെ ചാര്‍ജ് വഹിക്കുന്ന എന്‍.എ രജിത, നെന്മേനി പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ജയാ മുരളിക്ക് നല്‍കി ആരംഭിച്ചു. വിനയകുമാര്‍ അഴിപ്പുറത്ത്, പി.ടി.എ പ്രസിഡണ്ട് അബ്ദുല്‍ സത്താര്‍, പ്രധാനാധ്യാപിക പി. ഷീബ, സീനിയര്‍ അധ്യാപിക ബിന്ദു കെ. ജോസ്, സംസാരിച്ചു.