നിയമങ്ങള്‍ കാറ്റില്‍ പറത്തി അനധികൃത കെട്ടിട നിര്‍മ്മാണം
നിയമങ്ങളും മാനദണ്ഡങ്ങളും കാറ്റില്‍ പറത്തി മാനന്തവാടിയില്‍ അനധികൃത കെട്ടിടത്തിന്റെ പണി തകൃതി. പരാതി നല്‍കിയിട്ടും നടപടിയെടുക്കാതെ അധികൃതര്‍. മാനന്തവാടി ചെറ്റപ്പാലത്താണ് പൊതുമരാമത്തിന്റെ സ്ഥലം കൈയ്യേറി കെട്ടിടം നിര്‍മ്മിക്കുന്നത്. കെട്ടിട നിര്‍മാണം ഉടന്‍ നിര്‍ത്തിവെക്കണമെന്ന് ചെറ്റപ്പാലം ജനകീയ സമിതി വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.അതേ സമയം സ്ഥലം അളന്ന് തിട്ടപ്പെടുത്താന്‍ താലൂക്ക് സര്‍വ്വയറോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും റിപ്പോര്‍ട്ട് ലഭിക്കുന്ന മുറയ്ക്ക് നടപടി എടുക്കുമെന്നും പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ അറിയിച്ചു.
പതിറ്റാണ്ടുകള്‍ പഴക്കമുള്ള മാനന്തവാടി ചെറ്റപ്പാലത്തെ രണ്ട് പാലങ്ങള്‍ക്ക് നടുവിലാണ് കെട്ടിടം ഉയരുന്നത്. ഒരു ഭാഗം പതിറ്റാണ്ടുകള്‍ പഴക്കമുള്ള പാലും മറുഭാഗം പുതിയ പാലവുമാണ് .ഇരു പാലത്തിനുമരികെ പൊതുമരാമത്തിന്റെ ഉടമസ്ഥതയിലുള്ളതും പുഴ പുറമ്പോക്ക് കൈയേറിയുമാണ് നിയമങ്ങള്‍ കാറ്റില്‍ പറത്തി സ്വകാര്യ വ്യക്തി കെട്ടിടം നിര്‍മ്മിക്കുന്നത്. ആറ് സെന്റിന്റെ രേഖയില്‍ ഏകദേശം പത്ത് സെന്റിലധികം സ്ഥലത്താണ് കെട്ടിടം പണി നടക്കുന്നത്. മന്ത്രിക്കടക്കം പരാതി നല്‍കിയിട്ടും നടപടിയില്ലെന്ന് പ്രദേശവാസികള്‍ പറയുന്നു.