20 ലക്ഷത്തിന്റെ എം.ഡി.എം.എയുമായി ഇന്നലെ പിടിയിലായ പ്രതി കോഴിക്കോട് നരിക്കുനി കിഴക്കേടത്ത് വിനൂപ് കൂടുതല്‍ കേസുകളില്‍ പ്രതി. കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കുമെന്ന് എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍. ഓണത്തിന് ലഹരിക്കടത്ത് തടയാന്‍ പരിശോധന ഊര്‍ജ്ജിതമാക്കാന്‍ മന്ത്രിയുടെ നിര്‍ദ്ദേശം.
കെ.എല്‍. 11 എ എ 2919 എന്ന നമ്പറിലുള്ള ഹ്യുണ്ടായ് വെര്‍ണ കാറില്‍ ശരീരത്തില്‍ ഒളിപ്പിച്ച് കടത്തുമ്പോഴാണ് 200 ഗ്രാം എം. ഡി.എം.എയുമായി വിനൂപിനെ ബാവലി ചെക്ക് പോസ്റ്റില്‍ വെച്ച് എക്‌സൈസ് വകുപ്പ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്.
വ്യവസായിക അളവില്‍ എം.ഡി.എം.എ. ഉള്ളതിനാല്‍ 20 കൊല്ലം തടവും 2 ലക്ഷം രൂപ പിഴയും ലഭിക്കുന്നതാണ് കുറ്റം .
ഇയാളെ ചോദ്യം ചെയ്തതില്‍ നിന്നാണ് കോഴിക്കോട് മാധ്യമ പ്രവര്‍ത്തകന്റെ മകനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസില്‍ ഉള്‍പ്പടെ വിനൂപ് നിരവധി കേസുകളില്‍ പ്രതിയാണന്ന് വ്യക്തമായത്. മാനന്തവാടി ജെ.എഫ്.സി.എം. കോടതിയില്‍ ഇതു സംബന്ധിച്ച് കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കുമെന്ന് എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ പറഞ്ഞു. ബാവലി, തോല്‍പ്പെട്ടി, മുത്തങ്ങ ചെക്ക് പോസ്റ്റുകള്‍ വഴി വയനാട് ഇടനാഴിയാക്കി ലഹരിക്കടത്ത് നടത്തുന്നത് തടയാനും ഓണക്കാലത്ത് പരിശോധന കര്‍ശനമാക്കാനും വയനാട്ടിലെത്തിയ എക്‌സൈസ് മന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി .
അടുത്ത കാലത്തായി നിരവധി ലഹരിക്കടത്ത് കേസുകളാണ് വയനാട്ടില്‍ നിന്ന് എക്‌സൈസും പൊലീസും പിടികൂടിയത്.