തൂവാല സ്പര്‍ശം പദ്ധതിക്ക് തുടക്കം
ജില്ലാ പഞ്ചായത്ത് വെള്ളമുണ്ട ഡിവിഷനും സദ്ഗമയ പ്രൊജക്റ്റും ചേര്‍ന്ന് നടപ്പാക്കുന്ന തൂവാല സ്പര്‍ശം പദ്ധതി വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.ഡിവിഷന്‍ പരിധിയിലെ പ്രൈമറി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യമായി തൂവാല വിതരണവും വ്യക്തി ശുചിത്വ സന്ദേശ ബോധവത്കരണ ക്ലാസ്സുകളുമാണ് പദ്ധതി ലക്ഷ്യം.വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് അംഗം ശാരദ അത്തിമറ്റം അധ്യക്ഷയായിരുന്നു.സദ്ഗമയ ജില്ലാ കണ്‍വീനവര്‍ ഡോ.മനു വര്‍ഗീസ് വ്യക്തി ശുചിത്വ ബോധവത്കരണ ക്ലാസിനു നേതൃത്വം നല്‍കി.
നാഷണല്‍ ആയുഷ് മിഷന്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ.ദീദി ജോയ്,ഹെഡ്മിസ്‌ട്രെസ് ഉഷാകുമാരി,ഖത്തര്‍ യു.എന്‍.ഐ.ക്യു പുരസ്‌കാര ജേതാവ് ലത്തീഫ് സി. പി., നാസര്‍. കെ, രോഹിത് എം. കെ തുടങ്ങിയവര്‍ സംസാരിച്ചു.
കുട്ടിക്കാലം മുതല്‍ തന്നെ വ്യക്തിപരമായ ശുചിത്വത്തെക്കുറിച്ച് നല്ല ബോധം ഉണ്ടാകുക എന്ന ഉദ്ദേശത്തോടെയാണ് ഈ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.വ്യക്തിഗത ശുചിത്വത്തിന്റെ വശങ്ങള്‍ പഠിപ്പിക്കുന്നതും ഒരു കൂട്ടം ശുചിത്വ രീതികള്‍ മനസ്സിലാക്കുവാനും ഉതകുന്ന ക്ലാസുകള്‍ വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ചു വിദഗ്ദരുടെ സഹായത്തോടെ നല്‍കും.
കുട്ടികള്‍ക്കുള്ള വ്യക്തിഗത ശുചിത്വത്തിന്റെ പ്രാധാന്യവും കുട്ടികളെ വ്യക്തിഗത ശുചിത്വ നിയമങ്ങള്‍ പാലിക്കാന്‍ സഹായിക്കുന്ന ചില നുറുങ്ങുകളും ഉള്‍പെടുത്തിയാണ് ക്ലാസുകള്‍ ക്രമീകരിക്കുക.വായുവിലൂടെ പകരുന്ന രോഗങ്ങളെ തടയുന്നതിന്റെ പ്രാധാന്യം കുട്ടികളില്‍ നിന്നും തുടങ്ങുക എന്ന ഉദ്ദേശത്തോടെയാണ് പ്രൈമറി തലത്തില്‍ തൂവാല സംസ്‌കാരം പ്രോത്സാഹിപ്പിക്കുവാന്‍ തീരുമാനിച്ചതെന്നു ജുനൈദ് കൈപ്പാണി പറഞ്ഞു.