നൂല്‍പ്പുഴ കല്ലുമുക്കിലെ കാട്ടാന ശല്യം പരിഹരിക്കുന്നതിന് എംഎല്‍എ യുടെ നേതൃത്വത്തില്‍ അടിയന്തര യോഗം ചേര്‍ന്നു. കഴിഞ്ഞ ഏതാനും ദിവസമായി സ്ഥിരമായി ഇറങ്ങുന്ന കാട്ടാനകള്‍ കൃഷി നാശത്തിനു പുറമെ ജനങ്ങളുടെ സൈ്വര്യ ജീവിതവും തകര്‍ക്കുകയാണ്. ഇതേ തുടര്‍ന്നാണ് അടിയന്തര യോഗം ചേര്‍ന്നത്. ജനകീയ കമ്മറ്റിക്കും യോഗത്തില്‍ രൂപം നല്‍കി.
കാട്ടാന ശല്യം രൂക്ഷമായതിനെ തുടര്‍ന്ന് കല്ലുമുക്കിലെ കര്‍ഷക ജനത ദുരിതത്തിലായിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് കാട്ടാന ശല്യത്തിന് പരിഹാരം കാണാന്‍ എംഎല്‍എ ഐസി ബാലകൃഷ്ണന്റെ നേതൃത്വത്തില്‍ കല്ലുമുക്ക് പളളി ഹാളില്‍ യോഗം ചേര്‍ന്നത്. കാടിനോട് ചേര്‍ന്ന കിടങ്ങും, ഫെന്‍സിങ്ങും കാര്യക്ഷമമാക്കണമെന്ന് യോഗത്തില്‍ പങ്കെടുത്തവര്‍ ആവശ്യപ്പെട്ടു. കൂടാതെ പ്രദേശത്ത് തെരുവു വിളക്കുകള്‍ സ്ഥാപിക്കണമെന്ന ആവശ്യവും ഉയര്‍ന്നു. തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ പ്രദേശത്ത് ജനജാഗ്രത സമിതികള്‍ രൂപീകരിച്ച് പ്രവര്‍ത്തിക്കാന്‍ യോഗത്തില്‍ തീരുമാനിച്ചു. കാട്ടാന അടക്കമുള്ള വന്യമൃഗ ശല്യത്തിന് പരിഹാരം കാണാന്‍ പ്രൊപ്പോസല്‍ നല്‍കാനും ഇതിനായി 11 അംഗ ജനകീയ കമ്മറ്റിക്കും രൂപം നല്‍കിയിട്ടുണ്ട്. ഈ കമ്മറ്റി പത്ത് ദിവസത്തിനകം റിപ്പോര്‍ട്ട് തയ്യാറാക്കി വീണ്ടും യോഗം ചേരാനാണ് തീരുമാനം. എം എല്‍ എ യ്ക്ക് പുറമെ നൂല്‍പ്പുഴ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍. എ ഉസ്മാന്‍, മെമ്പര്‍ ഷീന കളപ്പുരക്കല്‍, മുന്‍ മെമ്പര്‍ പി പി പൗലോസ്, വിജു എടക്കാട്ട്, കല്ലുമുക്ക് പള്ളി വികാരിമാര്‍, ഫോസ്റ്റ് ഉദ്യോഗസ്ഥരും പ്രദേശത്തെ കര്‍ഷകരും യോഗത്തില്‍ പങ്കെടുത്തു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പ്രദേശത്ത് ഇറങ്ങുന്ന കാട്ടാനകള്‍ വ്യാപക കൃഷി നാശമാണ് വരുത്തുന്നത്. ഒരേ സമയം രണ്ട് കാട്ടാനകളാണ് പലയിടങ്ങളിലായി ഇറങ്ങി വിള നാശം വരുത്തന്നത്. വട്ടക്കുന്നേല്‍ റോബര്‍ട്ട്, കളപ്പുരയ്ക്കല്‍ ജോര്‍ജ്, മുതിരക്കാലായില്‍ മാത്യു, വെള്ളമറ്റം ബേബി എന്നിവരുടെ വാഴ, തെങ്ങ്, കാപ്പി, നെല്ല്, കമുങ്ങ് എന്നി വിളകളാണ് നശിപ്പിച്ചത്. വനയോരത്ത് കിടങ്ങും, വൈദ്യുതി ഫെന്‍സിങ്ങും, കാവലുമുണ്ടെങ്കിലും ഇതെല്ലാം മറി കടന്നാണ് കാട്ടാനകള്‍ കൃഷിയിടത്തില്‍ ഇറങ്ങുന്നത്. ഓടിച്ചാല്‍ ആളുകള്‍ക്ക് നേരെ ഓടി വരുന്നതും നിത്യ സംഭവമായതോടെയാണ് അടിയന്തര യോഗം ചേര്‍ന്നത്.