കാട്ടുപന്നികളെ കൊല്ലാന്‍ അനുമതി നിഷേധിക്കുന്നു
കാട്ടുപന്നികളെ കൊല്ലുന്നതിന് അനുമതി നല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവ് നല്‍കിയിട്ടും ത്രിതല പഞ്ചായത്ത് അധികാരികള്‍ അനുമതി നിഷേധിക്കുന്നതായി ടീം കിഫ. ഇത്തരം പ്രവണതക്കെതിരെ നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്ന് ടീം കിഫ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
വെള്ളമുണ്ടയിലെ ജോയി എന്ന കര്‍ഷകന്‍ സ്വന്തം കൃഷിയിടത്തില്‍ ഇറങ്ങുന്ന പന്നിയെ കൊല്ലുന്നതിന് പഞ്ചായത്തിന് നിയമപ്രകാരം അപേക്ഷ നല്‍കിയിട്ട് മാസങ്ങള്‍ പിന്നിട്ടിട്ടും അനുമതി നല്‍കിയിട്ടില്ല.വിഷപ്രയോഗം,സ്ഫോടകവസ്തു പ്രയോഗം,വൈദ്യുതി ഷോക്കേല്‍പ്പിക്കല്‍ എന്നീ മൂന്ന് രീതികളൊഴികെയുള്ള മാര്‍ഗ്ഗങ്ങളിലൂടെ കാട്ടുപന്നികളെ കൊല്ലാമെന്നാണ് സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നത്.എന്നാല്‍ വെള്ളമുണ്ട ഗ്രാമപഞ്ചായതാവട്ടെ ലൈസന്‍സുള്ള തോക്കുണ്ടെങ്കില്‍ മാത്രമേ അനുമതി നല്‍കുവെന്ന നിലപാടാണെന്നും ഇതിനെതിരെ കോടതിയെ സമീപിക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു.
കര്‍ഷകന്റെ ഭൂമിയിലിറങ്ങുന്ന കാട്ടുപന്നി അടക്കമുള്ള ഷെഡ്യൂള്‍ഡ് രണ്ടില്‍ പെട്ട വന്യജീവികളെ, നിരുപാധികം കൊന്നുകളയാനുള്ള അധികാരം കര്‍ഷകര്‍ക്ക് വിട്ടുകൊടുക്കണമെന്നും അത്തരത്തില്‍ തീരുമാനമെടുക്കാന്‍ സര്‍ക്കാര്‍ ആരെയെങ്കിലും ഭയപ്പെടുന്നുണ്ടങ്കില്‍ അത് പറയാനുള്ള ആര്‍ജവം കാണിക്കണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു.വാര്‍ത്താസമ്മേളനത്തില്‍ ഭാരവാഹികളായ മനുജോര്‍ജ്,ജോണി ജോസഫ്,ഒ ജെ ആന്റണി,സാനിഷ് കെ കെ,ഫിലിപ്പ് പി മാത്യു തുടങ്ങിയവര്‍ പങ്കെടുത്തു