ഹോട്ടല്‍ ഉടമകള്‍ക്കും ജീവനക്കാര്‍ക്കും പരിശീലന പരിപാടി
വയനാട് ജില്ലയിലെ വിവിധ ഹോട്ടലുകളില്‍ നിന്ന് ഭക്ഷ്യവിഷബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ ഹോട്ടല്‍ ഉടമകള്‍ക്കും ജീവനക്കാര്‍ക്കും പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ച് ആരോഗ്യവകുപ്പിന്റെ സഹകരണത്തോടെ പരിശീലന പരിപാടി സംഘടിപ്പിക്കുമെന്ന് കെ.എച്ച്. ആര്‍ എ വയനാട് ജില്ലാ കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.ജൂലായ് 5ന് പടിഞ്ഞാറത്തറയിലാണ് പരിപാടി.
നല്ല ആരോഗ്യത്തിന് നല്ല ഭക്ഷണം എന്ന സന്ദേശം ഉയര്‍ത്തി ക്യാമ്പയിനുകള്‍ സംഘടിപ്പിക്കും .കൂടാതെ ഹോട്ടലുകള്‍ പരിശോധിച്ചു വൃത്തിയും ഗുണനിലവാരവും ഉറപ്പുവരുത്തുന്നതിന് അസോസിയേഷന്‍ തന്നെ ഒരു കോഡിന് രൂപം നല്‍കും.ടൂറിസം ജില്ലയായ വയനാട് ജില്ലയിലേക്ക് വരുന്ന ടൂറിസ്റ്റുകള്‍ക്ക് ഒറ്റപ്പെട്ട സംഭവത്തിന്റെ പേരില്‍ ഉണ്ടായിട്ടുണ്ടാകുന്ന പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കാണിച്ച് ഹോട്ടല്‍ മേഖലയെ ആകെ മോശമായി ചിത്രീകരിക്കുന്ന അവസ്ഥയ്ക്ക് പരിഹാരം ഉണ്ടാകണം കൂടാതെ ഇതിന്റെ മറവില്‍ ഹോട്ടലുകള്‍ക്ക് നേരെ നടക്കുന്ന അക്രമണങ്ങള്‍ വെച്ചു പൊറുപ്പിക്കാന്‍ ആകില്ല ലൈസന്‍സും രേഖകളും ഇല്ലാതെ വ്യാപാരം ചെയ്യുന്ന സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണം ഹോട്ടല്‍ അസോസിയേഷന്‍ പൂര്‍ണ്ണ പിന്തുണ നല്‍കും.ഹോട്ടലുകളില്‍ വ്യാപകമായി പരിശോധന നടത്തി നിസ്സാരമായ കുറ്റങ്ങള്‍ കണ്ടെത്തി വന്‍ തുക പിഴ ഈടാക്കുന്ന ഉദ്യോഗസ്ഥ പീഡനം അവസാനിപ്പിക്കണമെന്നും അസോസിയേഷന്‍ ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
ഹോട്ടലുകളില്‍ ഭക്ഷണത്തിന്റെ ഗുണ നിലവാരം പരിശോധിക്കാനും പ്രശ്‌നങ്ങള്‍ കണ്ടെത്താനും സംഘടനയുടെ അംഗങ്ങള്‍ ചേര്‍ന്ന് സ്‌ക്വാഡ് രൂപീകരിച്ചതായും ഇവര്‍ പറഞ്ഞു.വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ പ്രസിഡണ്ട് വിജു മന്ന, ജില്ലാ സെക്രട്ടറി യു സുബൈര്‍, ജില്ലാ ട്രഷറര്‍ അബ്ദുറഹ്‌മാന്‍ പ്രാണിയത്ത്, ജില്ലാ വര്‍ക്കിങ്ങ് പ്രസിഡന്റ് മുനീബ് ചുണ്ട, റജി വൈത്തിരി എന്നിവര്‍ പങ്കെടുത്തു.