അനധികൃത മത്സ്യബന്ധനം; നടപടിയുമായി ഫിഷറീസ് വകുപ്പ്

0

ജില്ലയില്‍ അനധികൃത മത്സ്യബന്ധനം നടത്തുന്നതിനെതിരെ നടപടിയുമായി ഫിഷറീസ് വകുപ്പ്. കേരള ഉള്‍നാടന്‍ ഫിഷറീസ് ആന്റ് അക്വാകള്‍ച്ചര്‍ ആക്ട് ലംഘിച്ച് കോട്ടത്തറ ഗ്രാമപഞ്ചായത്തിലെ വെണ്ണിയോട് പ്രദേശത്ത് പുഴയുടെ വശങ്ങളിലായി അനധികൃത മത്സ്യബന്ധനം നടത്തുന്നതിനായി നിര്‍മ്മിച്ച തെരികള്‍ (തടയണകള്‍) ഫിഷറീസ് വകുപ്പ് പൊളിച്ചുനീക്കി. ഫിഷറീസ് വകുപ്പ് അസി. ഡയറക്ടര്‍ ആഷിഖ് ബാബുവിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി. കേരള ഉള്‍നാടന്‍ ഫിഷറീസ് ആക്ട് അനുസരിച്ച് പുഴകളുടെ സ്വാഭാവിക ഒഴുക്ക് തടസ്സപ്പെടുത്തുന്ന വിധത്തിലും മത്സ്യത്തിന്റെ പ്രജനനത്തിന് തടസ്സം സൃഷ്ടിക്കുന്ന വിധത്തിലും മത്സ്യബന്ധനം നടത്തുന്നത് കുറ്റകരമാണ്. വെണ്ണിയോട് പ്രദേശത്ത് വ്യാപകമായ രീതിയില്‍ ഇത്തരം അനധികൃത തടയണകള്‍ നിര്‍മ്മിച്ചിട്ടുള്ളതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും അത് ഉടന്‍ തന്നെ പൊളിച്ചു മാറ്റണമെന്നും അല്ലാത്ത പക്ഷം വകുപ്പ് കൂടുതല്‍ കര്‍ശന നടപടികളിലേക്ക് നീങ്ങുമെന്നും അസി. ഡയറക്ടര്‍ അറിയിച്ചു. ഇത്തരം നിയമ ലംഘനങ്ങള്‍ക്ക് 15,000 രൂപവരെ പിഴയും കുറ്റം ആവര്‍ത്തിച്ചാല്‍ ആറുമാസം വരെ തടവും ലഭിക്കും. അനധികൃതമായി നിര്‍മ്മിച്ച തെരികള്‍ നീക്കാന്‍ ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ ഡോണ ജേക്കബ്, അസി. ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ അനീഷ് കുമാര്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ സിറാജ്, മനു, ഫായിസ്, നിസ്സാര്‍, രാജേഷ്, തോമസ് എന്നിവര്‍ നേതൃത്വം നല്‍കി.

 

Leave A Reply

Your email address will not be published.

error: Content is protected !!