വെള്ളമുണ്ട പുളിഞ്ഞാല്‍ റോഡ് പണി കരാറുകാരന്‍ വാക്കു പാലിച്ചില്ല മണ്ണിടിച്ചില്‍ ഭീഷണിയില്‍ കുടുംബങ്ങള്‍
വെള്ളമുണ്ട പുളിഞ്ഞാല്‍ റോഡ് പണിയുടെ ഭാഗമായി മണ്ണെടുത്ത ഭാഗങ്ങളില്‍ സംരക്ഷണഭിത്തി കെട്ടുമെന്ന ഉറപ്പ് കരാറുകാരന്‍ പാലിച്ചില്ല. മണ്ണിടിച്ചില്‍ ഭീഷണിയില്‍ കഴിയുകയാണ് നിരവധി വീട്ടുകാര്‍. വെള്ളമുണ്ട പുളിഞ്ഞാല്‍ റോഡ് പണിയുടെ ഭാഗമായി നിരവധി ആളുകളാണ് സ്ഥലം വിട്ടു നല്‍കിയത്.. ഈ സ്ഥലത്തെ മണ്ണ് നീക്കം ചെയ്യുമ്പോള്‍ സംരക്ഷണഭിത്തി കെട്ടി സ്ഥലത്തിനും വീടുകള്‍ക്കും സംരക്ഷണം ഒരുക്കുമെന്ന് കരാറുകാരനും ഉദ്യോഗസ്ഥരും വാക്ക് നല്‍കിയിരുന്നു. എന്നാല്‍ പിന്നീട് മണ്ണെടുപ്പ് എല്ലാം കഴിഞ്ഞതോടെ കരാറുകാരനും ഉദ്യോഗസ്ഥരും ഇങ്ങോട്ട് തിരിഞ്ഞു നോക്കാത്ത അവസ്ഥയിലായി. നിരവധി തവണ നേരിട്ടും നിവേദനങ്ങളുമായി പരാതി നല്‍കിയിട്ടും ഇതുവരെ സംരക്ഷണഭിത്തി കെട്ടാനുള്ള യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. മഴ തുടങ്ങിയതോടെ മണ്ണിടിച്ചില്‍ ഭീഷണിയില്‍ കഴിയുകയാണ് കുടുംബങ്ങള്‍. ഇന്ന് കടന്നോളി മൊയ്തു, കടന്നോളി ആയിഷ തുടങ്ങിയവരുടെ സ്ഥലത്ത് മണ്ണിടിച്ചില്‍ ഉണ്ടാവുകയും വീടിനും സ്ഥലത്തിനും മറ്റും ഭീഷണിയായിരിക്കുകയാണ്. ഒരുമാസം കൊണ്ട് തന്നെ പണിപൂര്‍ത്തീകരിക്കും എന്നകരാറുകാരന്റെ ഉറപ്പ് വെറും പാഴ് വാക്ക് ആയിരിക്കുകയാണ്. മഴ ശക്തമാകുന്നതോടെ മണ്ണിടിച്ചില്‍ കൂടുമെന്നതിനാല്‍ റോഡിന് ഇരുവശവും താമസിക്കുന്ന വീട്ടുകാര്‍ ആശങ്കയോടെയാണ് കഴിയുന്നത്. എത്രയും പെട്ടെന്ന് പരിഹാരം ഉണ്ടാക്കണം എന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.