സ്ത്രീ സുരക്ഷാ ജാഗ്രതാ സമിതികളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കണം:അഡ്വ.പി.സതീദേവി

0

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും വാര്‍ഡുകളിലും സ്ത്രീ സുരക്ഷാ ജാഗ്രതാ സമിതികളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കണമെന്ന് സംസ്ഥാന വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ പി.സതീദേവി പറഞ്ഞു.കളക്ട്രേറ്റില്‍ നടന്ന അദാലത്തില്‍ പരാതികള്‍ പരിഹരിച്ച് സംസാരിക്കുകയായിരുന്നു അവര്‍.വനിതാ കമ്മീഷന്റെ നേതൃത്വത്തില്‍ ജാഗ്രാതാ സമിതികള്‍ക്ക് പരിശീലനം നല്‍കും.ജാഗ്രതാ സമിതികളുടെ പ്രവര്‍ത്തനം വിലയിരുത്തി മികച്ച ജാഗ്രാത സമിതിക്ക് അവാര്‍ഡും നല്‍കും.അവാര്‍ഡ് തുക 50,000 രൂപയായി വര്‍ദ്ധിപ്പിച്ചു.

തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ നേരിടുന്ന അതിക്രമങ്ങള്‍ തടയുന്നതിന് എല്ലാ സര്‍ക്കാര്‍, സഹകരണ, സ്വകാര്യ സ്ഥാപനങ്ങളിലും ഇന്റേണല്‍ കംപ്ലയിന്റ് കമ്മിറ്റികള്‍ ശാക്തീകരിക്കണം. ബന്ധപ്പെട്ട വകുപ്പുകള്‍ ഇതിന് നേതൃത്വതം നല്‍കണം. കമ്മീഷന് ലഭിക്കുന്ന പരാതികളില്‍ എതിര്‍ കക്ഷികള്‍ ഹാജരാകാതിരിക്കുന്ന പ്രവണത വര്‍ദ്ധിക്കുകയാണ്.പോലീസ് നോട്ടീസ് അയച്ചിട്ടും കക്ഷികള്‍ ഹാജരാക്കാത്ത സ്ഥിതിയുണ്ട്.ഇത് ഗൗരവകരമായി പരിശോധിക്കുമെന്നും കമ്മീഷന്‍ പറഞ്ഞു. അദാലത്തില്‍ 4 പരാതികള്‍ തീര്‍പ്പാക്കി.24 പരാതികള്‍ പരിഗണിച്ചതില്‍ പതിനെട്ട് പരാതികള്‍ അടുത്ത അദാലത്തിലേക്ക് മാറ്റി വെച്ചു.ഒരു പരാതിയില്‍ പോലീസിനോട് റിപ്പോര്‍ട്ട് ലഭ്യമാക്കാന്‍ കമ്മീഷന്‍ നിര്‍ദ്ദേശിച്ചു.ഒരു കേസില്‍ കൗണ്‍സിലിംഗ് നിര്‍ദ്ദേശിച്ചു. ഭൂമി കയ്യേറ്റം,കുടുംബ പ്രശ്‌നം,സ്ത്രീധനം,ഗാര്‍ഹിക പീഡനം എന്നിവയുമായി ബന്ധപ്പെട്ട പരാതികളാണ് അദാലത്തില്‍ പരിണിച്ചത്.വനിതാ കമ്മീഷന്‍ അംഗം അഡ്വ.പി.കുഞ്ഞായിഷ,വനിത സെല്‍ ഇന്‍സ്‌പെക്ടര്‍ വി. ഉഷാകുമാരി,കൗണ്‍സിലര്‍മാര്‍ തുടങ്ങിയവര്‍ അദാലത്തില്‍ പങ്കെടുത്തു.

ഭര്‍തൃവീട്ടില്‍ മന്ത്രവാദ പീഡനത്തിന് ഇരയായ വാളാട് സ്വദേശിനിയായ യുവതിയെ വനിത കമ്മീഷന്‍ നേരില്‍ കണ്ട് വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. സാസ്‌കാരിക കേരളത്തിന് യോജിക്കാത്ത പ്രവണതയാണ് ഇന്ന് നടക്കുന്നതെന്നും ഇനിയും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിച്ചുകൂടെന്നും അദ്ധ്യക്ഷ പറഞ്ഞു. കേസന്വേഷണത്തിന്റെ പുരോഗതിയും അദ്ധ്യക്ഷ വിലയിരുത്തി. സംഭവത്തില്‍ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തിരുന്നു. യുവതിയുടെ തുടര്‍പഠനത്തിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ സ്ഥലം എം.എല്‍.എയോട് ആലോചിച്ച് നടപടികള്‍ സ്വീകരിക്കുമെന്നും കമ്മീഷന്‍ ഉറപ്പുനല്‍കി.
വീല്‍ചെയറിലിരുന്ന് അതിജീവന പോരാട്ടത്തിലൂടെ സിവില്‍ സര്‍വീസ് പരീക്ഷയില്‍ മികച്ച വിജയം കരസ്ഥമാക്കിയ കമ്പളക്കാട് സ്വദേശിനി ഷെറിന്‍ ഷഹാനയെ കമ്മീഷന്‍ അദ്ധ്യക്ഷ പി. സതീദേവി സന്ദര്‍ശിച്ചു. വനിത കമ്മീഷന്‍ അംഗം അഡ്വ. പി കുഞ്ഞായിഷ, വാര്‍ഡ് മെമ്പര്‍, വിവിധ വകുപ്പ് ജീവനക്കാര്‍ തുടങ്ങിയവര്‍ വനിതാ കമ്മീഷന്‍ അദ്ധ്യക്ഷയോടൊപ്പമുണ്ടായിരുന്നു.

Leave A Reply

Your email address will not be published.

error: Content is protected !!