പുലി ഭീതിയൊഴിയാതെ പൊഴുതന പഞ്ചായത്തിലെ പാറക്കുന്ന്. തൊഴുത്തില്‍ കെട്ടിയ രണ്ട് പശുക്കളെ കൂടി കാണാതായതോടെ തുടര്‍ച്ചയായ മൂന്ന് ദിവസവും പ്രദേശത്ത് പുലിയിറങ്ങി. അടുത്തിടെ മാത്രം പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലായി 24 വളര്‍ത്തുമൃഗങ്ങളാണ് പുലിയുടെ ആക്രമണത്തിനിരയായത്. ചെറിയ പറമ്പില്‍ ശശിയുടെ ആറ് മാസം പ്രായമായ പശുക്കിടാവിനെയും പുളിക്കുയില്‍ ഹൈദ്രൂസിന്റെ മൂന്ന് വയസ്സുള്ള പശുവിനെയുമാണ് ഇന്നലെ മുതല്‍ കാണാതായത്. മുപ്പതിലേറെ എസ്റ്റേറ്റ് പാടികളില്‍ താമസിക്കുന്നവരാണ് പ്രദേശത്തുള്ളത്. രാത്രിയായാല്‍ ആരും പുറത്തിറങ്ങാറില്ല. പൊരുവിയില്‍ സലീമിന്റെ തൊഴുത്തില്‍ നിന്നും കഴിഞ്ഞദിവസം പശുക്കുട്ടിയെ പുലി ആക്രമിച്ചു കൊന്നിരുന്നു.തോട്ടം തൊഴിലാളികളുടെ എസ്റ്റേറ്റ് കോര്‍ട്ടേഴ്സുകള്‍ക്ക് സമീപത്തെ തൊഴുത്തില്‍ നിന്ന് പശുവിനെ പുലി പിടിച്ചതോടെ ജനങ്ങള്‍ കടുത്ത ഭീതിയിലായി.
പുലിയുടെ ആക്രമണം നടന്ന വിവിധ പ്രദേശങ്ങളില്‍ കൂട് സ്ഥാപിച്ചു എങ്കിലും ആക്രമണം തുടരുകയാണ്. മണിക്കൂറുകളുടെ ഇടവേളകളില്‍ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ പുലിയുടെ ആക്രമണം ഉണ്ടാകുന്നതിനാല്‍ ഒന്നില്‍ കൂടുതല്‍ പുലിയുണ്ടെന്ന സംശയവും ഉണ്ട്.
ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷയൊരുക്കാന്‍ വനംവകുപ്പിന്റെ ഭാഗത്തുനിന്നും കാര്യക്ഷമമായ നടപടി ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം