തോല്‍പ്പിക്കാം പ്ലാസ്റ്റിക് മലിനീകരണത്തെ; വേറിട്ട ബോധവല്‍ക്കരണവുമായി ആരോഗ്യ വകുപ്പ്

0

ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി വേറിട്ട ബോധവല്‍ക്കരണവുമായി ആരോഗ്യവകുപ്പ്.ബോധവല്‍ക്കരണ നാടകം, തുണി സഞ്ചി നിര്‍മ്മാണ മത്സരം, ക്വിസ് മത്സരം, ഫ്ളാഷ് മോബ് തുടങ്ങി വിവിധ പരിപാടികളാണ് സംഘടിപ്പിച്ചത്. ജില്ലാ മെഡിക്കല്‍ ഓഫീസ് (ആരോഗ്യം), ആരോഗ്യ കേരളം വയനാട് എന്നിവരുടെ നേതൃത്വത്തില്‍ ബത്തേരി നഗരസഭയുടെ സഹകരണത്തോടെയാണ് പരിപാടി നടത്തിയത്.

ബത്തേരി മുന്‍സിപ്പാലിറ്റി ഡെപ്യൂട്ടി ചെയര്‍പേഴ്സന്‍ എല്‍സി പൗലോസ് പരിപാടി ഉദ്ഘാടനം ചെയ്തു. ബത്തേരി മുന്‍സിപ്പാലിറ്റി ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണല്‍ ഷാമില ജുനൈസ് അധ്യക്ഷത വഹിച്ചു. എ.ഡി.എം എന്‍.ഐ ഷാജു മുഖ്യാതിഥിയായി. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പി. ദിനീഷ് മുഖ്യപ്രഭാഷണം നടത്തി. ഡെപ്യൂട്ടി ഡി.എം.ഒ ഡോ. പ്രിയ സേനന്‍ പരിസ്ഥിതി ദിന സന്ദേശം നല്‍കി.

പരിസ്ഥിതി ദിനം പ്രമേയമാക്കി ബത്തേരി ശ്രേയസ് അവതരിപ്പിച്ച ബോധവല്‍ക്കരണ നാടകവും ഡോണ്‍ ബോസ്‌കോ കോളേജിലെ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച ഫ്ളാഷ് മോബും ഏറെ ശ്രദ്ധേയമായി. കുടുംബശ്രീയുടെ ബത്തേരി യൂണിറ്റിലെ അംഗങ്ങളുടെ തത്സമയ തുണിസഞ്ചി തയ്യല്‍ മത്സരവും നടന്നു.തുണിസഞ്ചി തയ്യല്‍ മത്സരം വിജയികള്‍ക്ക് ക്യാഷ് പ്രൈസ് വിതരണം എ.ഡി.എം എന്‍.ഐ ഷാജു നിര്‍വ്വഹിച്ചു. ഉപയോഗശൂന്യമായ തുണിത്തരങ്ങള്‍ വലിച്ചെറിയാതെ തുണിസഞ്ചികളാക്കി പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ക്ക് പകരം ഉപയോഗിക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് എ.ഡി.എം സംസാരിച്ചു.

പരിപാടിയുടെ ഭാഗമായി നൂറോളം തുണിസഞ്ചികളാണ് സൗജന്യമായി വിതരണം ചെയ്തത്. നാല്‍പതോളം തൈകളും വിതരണം ചെയ്തു. നാടന്‍ പാട്ട് അവതരണവും നടന്നു.ഡെപ്യൂട്ടി ഡി.എം.ഒ ഡോ. സാവന്‍ സാറ മാത്യു, ബത്തേരി താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. കെ.വി സിന്ധു, ജില്ലാ അര്‍ദ്രം നോഡല്‍ ഓഫീസര്‍ ഡോ.പി.എസ് സുഷമ, ജില്ലാ മാസ്മീഡിയ ഓഫീസര്‍ ഹംസ ഇസ്മാലി, ടെക്നിക്കല്‍ അസിസ്റ്റന്റ് കെ.എം ഷാജി, എന്‍.എച്ച്.എം ജെ.സി ഡോക്യൂമെന്റേഷന്‍ കെ.സി നിജില്‍, ബത്തേരി മുന്‍സിപ്പാലിറ്റി ക്ലീന്‍ സിറ്റി മാനേജര്‍ കെ.എം. സജി, ആശാ കോര്‍ഡിനേറ്റര്‍ സജേഷ് ഏലിയാസ് തുടങ്ങിയവര്‍ സംസാരിച്ചു.

 

Leave A Reply

Your email address will not be published.

error: Content is protected !!