കുറുവാ ദ്വീപില്‍ റെയിന്‍ ടൂറിസം അനുവദിക്കണം സി ഐ ടി യു

0

മഴക്കാലമായാല്‍ കബനി നദിയില്‍ ജലനിരപ്പ് ഉയരുന്നതിനാല്‍ സാധാരണഗതിയില്‍ കുറുവാ ദ്വീപ് അടച്ചിടുകയാണ് പതിവ് കുറുവാ ദ്വീപ് അടച്ചിടുന്ന മൂന്നുനാലു മാസങ്ങളില്‍ ഇവിടുത്തെ ജീവനക്കാര്‍ക്ക് തൊഴിലില്ലാത്ത അവസ്ഥയുമുണ്ട്. ഈ പ്രശ്‌നത്തിന് പരിഹാരമായി ആണ് റെയിന്‍ ടൂറിസം എന്ന ആവശ്യം ശക്തമാകുന്നത്. മഴക്കാലത്ത് മഴ ആസ്വദിക്കുന്നതിനു വേണ്ടി ധാരാളം ടൂറിസ്റ്റുകള്‍ വയനാട്ടില്‍ എത്തുന്നുണ്ട്. എന്നാല്‍ മഴക്കാലത്ത് ദ്വീപ് അടച്ചിട്ടിരിക്കുന്നതിനാല്‍ സഞ്ചാരികള്‍ എല്ലാം നിരാശരായി മടങ്ങുന്നു. കബനി നദിയിലെ വയലോരങ്ങളിലൂടെ മഴയും ആസ്വദിച്ച് നടക്കുന്നത് സഞ്ചാരികള്‍ വളരെയേറെ ഇഷ്ടപ്പെടുന്ന അനുഭവമാണ്. കൂടാതെ ആദിവാസികള്‍ ഉള്‍പ്പെടെയുള്ള കര്‍ഷകരുടെ പരമ്പരാഗത കാര്‍ഷിക രീതികള്‍ നേരിട്ട് അറിയുന്നതിനും പരമ്പരാഗത കാര്‍ഷിക ഉപകരണങ്ങള്‍ കണ്ടു മനസ്സിലാക്കുന്നതിനും സഞ്ചാരികള്‍ക്ക് അവസരം ലഭിക്കുന്നു.. കൂടാതെ കുറുവാ ദ്വീപിന്റെ പരിസരപ്രദേശത്തെ വശ്യമനോഹരമായ ഗ്രാമീണ കാഴ്ചകള്‍ കാണുന്നതിനും ഗ്രാമീണ ജീവിതത്തെ തൊട്ടറിയുന്നതിനും സഞ്ചാരികള്‍ക്ക് അവസരം ലഭിക്കുന്നു. മാത്രമല്ല ഇത്തരം സംരംഭങ്ങള്‍ ആരംഭിച്ചാല്‍ ഈ പ്രദേശത്തെ ഗ്രാമീണ ജനതയ്ക്ക് അതിലൂടെ ചെറിയ വരുമാനം കണ്ടെത്തുന്നതിനും സാധ്യമാകും. മാത്രമല്ല മഴക്കാലത്തെ കുറുവാ ജീവനക്കാരുടെ തൊഴിലില്ലായ്മയും പരിഹരിക്കപ്പെടും. ഈ സാധ്യതകളെ ഉപയോഗപ്പെടുത്തുന്നതിനായി കുറുവ വനസംരക്ഷണ സമിതി ജനറല്‍ബോഡി ചേരുകയും റെയിന്‍ ടൂറിസം എന്ന പ്രോജക്ട് തയ്യാറാക്കി വനവകുപ്പിന് നല്‍കുകയും ചെയ്തിരുന്നു. വനസംരക്ഷണ സമിതിയുടെ ആക്ഷന്‍ പ്ലാനില്‍ ഉള്‍പ്പെടുത്തിയ ഈ പ്രോജക്ടിന് ഇതുവരെ അംഗീകാരം ലഭിച്ചിട്ടില്ല. യാതൊരുവിധത്തിലുള്ള അപകട സാധ്യതയോ ഭാരിച്ച സാമ്പത്തിക ബാധ്യതയോ ഈ പ്രോജക്ടിനു വരില്ല എന്ന് പ്രദേശവാസികളും കുറുവാ ജീവനക്കാരും ചൂണ്ടിക്കാണിക്കുന്നു. ആയതിനാല്‍ ഈ പ്രോജക്ട് അംഗീകരിച്ചു തരണമെന്ന് ആവശ്യം ശക്തമാവുകയാണ്. ഈ വര്‍ഷം ഒരു കോടി 96 ലക്ഷത്തി 87 609 രൂപയാണ് കുറവാ ഇക്കോ ടൂറിസം സെന്ററില്‍ നിന്നും വനംവകുപ്പിന് വരുമാനം ലഭിച്ചത്. എന്നിട്ടും മഴക്കാലമായാല്‍ കുറുവാ ജീവനക്കാര്‍ക്ക് തൊഴിലില്ലാത്ത അവസ്ഥയാണുള്ളത്. ഇത്രയും വരുമാനം ലഭിച്ചിട്ടും 12 മാസവും തൊഴില്‍ നല്‍കാത്തത് ജീവനക്കാരോടുള്ള അനീതിയാണെന്ന് സിഐടിയു പുല്‍പ്പള്ളി പഞ്ചായത്ത് കമ്മിറ്റി ആരോപിച്ചു. യോഗത്തില്‍ ഷിബു പി ജെ അധ്യക്ഷത വഹിച്ചു.ബൈജു നമ്പിക്കൊല്ലി ഉദ്ഘാടനം ചെയ്തു. ടിജി മനോജ് രാജന്‍ ടി ആര്‍ എന്നിവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!