കാട്ടാന ഭീതിയില്‍ വീട്ടിമൂല പള്ളിച്ചിറ നായ്ക കോളനി

0

പുല്‍പ്പള്ളി: കാട്ടാനഭീതിയില്‍ ദിവസങ്ങള്‍ കഴിച്ചുകൂട്ടുകയാണ് വീട്ടിമൂല പള്ളിച്ചിറ നായ്ക കോളനിവാസികള്‍. പുല്‍പ്പള്ളി ഗ്രാമപഞ്ചായത്തിലെ രണ്ടാം വാര്‍ഡിലാണ് കോളനി സ്ഥിതി ചെയ്യുന്നത്. പാതിരി വനത്തോട് ചേര്‍ന്ന് നില്‍ക്കുന്ന ഭാഗമായതിനാല്‍ മിക്ക ദിവസവും ആനശല്യമുണ്ടെന്നാണ് കോളനിക്കാര്‍ പറയുന്നത്. കോളനിയുടെ പുറക് ഭാഗത്തേക്ക് വനമാണ്. എന്നാല്‍ വന്യമൃഗങ്ങള്‍ കോളനിയിലേക്ക് പ്രവേശിക്കുന്നത് തടയാനായി കന്പിവേലി ഇവിടെയില്ല. കിടങ്ങ് ഉണ്ടെങ്കിലും ആനയ്ക്ക് ഇതൊരു തടസ്സമേയാകുന്നില്ല. ആനശല്യത്തിന് പരിഹാരം ആവശ്യപ്പെട്ട് പലതവണ അധികൃതരെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ലെന്നാണ് ഇവിടുത്തുകാര്‍ പരാതിപ്പെടുന്നത്. നേരം സന്ധ്യയായാല്‍ കോളനിക്കാര്‍ക്ക് വീടിന് പുറത്തിറങ്ങാന്‍ പേടിയാണ്. എപ്പോള്‍ വേണമെങ്കിലും കാട്ടാനയുടെ അക്രമണമുണ്ടാകാമെന്ന ഭയത്തിലാണ് കഴിയുന്നത്. രാത്രിസമയങ്ങളില്‍ കോളനി കാട്ടാനയുടെ വിഹാര കേന്ദ്രമായിരിക്കുകയാണ്. സമീപത്തുള്ള തോട്ടങ്ങളില്‍ വന്യമൃഗങ്ങളിറങ്ങി കൃഷി നശിപ്പിക്കുന്നതും പതിവായിരിക്കുകയാണ്. പകല്‍ സമയങ്ങളില്‍ ആനയിറങ്ങുമെന്ന ഭീതിയും കോളനിവാസികള്‍ക്കുണ്ട്. കോളനിയ്ക്കുള്ളിലാണ് പള്ളിച്ചിറ ആള്‍ട്ടര്‍നേറ്റീവ് സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നത്.വനാര്‍ത്തിഗ്രാമമായ വീട്ടിമൂലയിലും മാളപ്പുരയിലും കാട്ടാനയിറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു. കഴിഞ്ഞ രാത്രി മാളപ്പുരൈ കൈനിക്കുടിയില്‍ ബേബിയുടെ 70 കവുങ്ങ് നശിപ്പിച്ചു. മുപ്പെത്താത്ത അടയ്ക്കയും ഇതില്‍പ്പെടും അര ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. വനാര്‍ത്തിയിലെ വന്യമൃഗ പ്രതിരോധ സംവിധാനങ്ങളെല്ലാം തകര്‍ന്നു കൊയ്ത്തു കഴിഞ്ഞ പാടത്തു കുടി ആന തോട്ടങ്ങളിലേക്ക് കടക്കുന്നു. വീട്ടിമുല പ്രദേശങ്ങളിലും കഴിഞ്ഞ ദിവസങ്ങളില്‍ ആനയിറങ്ങി കൃഷി നശിപ്പിച്ചു. അര്‍ഹമായ നഷ്ട പരിഹാരം നല്‍കണമെന്നാണു കര്‍ഷകരുടെ ആവശ്യം.

Leave A Reply

Your email address will not be published.

error: Content is protected !!