സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ചു ‘വികസനം, ക്ഷേമം, സന്തോഷക്കാഴ്ചകള്‍’ എന്ന വിഷയത്തില്‍ ഇന്‍ഫര്‍മേഷന്‍ – പബ്ലിക് റിലേഷന്‍സ് വകുപ്പ് സംഘടിപ്പിച്ച ഫോട്ടോഗ്രഫി മത്സരത്തിന്റെ ഫലം പ്രഖ്യാപിച്ചു. മലപ്പുറം എടപ്പാള്‍ സ്വദേശി നിസാര്‍ എടപ്പാളിനാണ് ഒന്നാം സ്ഥാനം. വയനാട് ദേശാഭിമാനി ഫോട്ടോഗ്രാഫര്‍ എം.എ. ശിവപ്രസാദിനു രണ്ടാം സ്ഥാനവും കാസര്‍കോഡ് നിലേശ്വരം സ്വദേശി രാമചന്ദ്രന്‍ പി യ്ക്ക് മൂന്നാം സ്ഥാനവും ലഭിച്ചു.
ഒന്നാം സമ്മാനാര്‍ഹമായ ചിത്രത്തിന് 25,000 രൂപയും രണ്ടാം സ്ഥാനത്തിന് 15,000 രൂപയും മൂന്നാം സ്ഥാനത്തിന് 10,000 രൂപയുമാണു സമ്മാനമായി ലഭിക്കുക. പത്തു പേര്‍ക്കു പ്രോത്സാഹന സമ്മാനങ്ങളും നല്‍കും. ടി.കെ. പ്രദീപ് കുമാര്‍(മാതൃഭൂമി, കൊച്ചി), പ്രവീണ്‍ ഷൊര്‍ണൂര്‍(ഷൊര്‍ണൂര്‍, പാലക്കാട്), ഷമീര്‍ ഉര്‍പ്പള്ളി (സിറാജ്, കണ്ണൂര്‍), പ്രണവ് കെ.പി.(ഇരുനിലംകോട് തൃശൂര്‍), ഹരിലാല്‍ എസ്.എസ്.(മലയാള മനോരമ, കണ്ണൂര്‍), ബദറുദ്ദീന്‍ സി.എം. (മതിലകം, തൃശൂര്‍), വിന്‍സന്റ് പുളിക്കല്‍ (ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്, തിരുവനന്തപുരം), സന്ദീപ് മാറാടി (മൂവാറ്റുപുഴ, എറണാകുളം), ബിമല്‍ തമ്പി പി.(മാധ്യമം, തിരുവനന്തപുരം), കെ.കെ. സന്തോഷ് (മാതൃഭൂമി, കോഴിക്കോട്) എന്നിവരാണു പ്രോത്സാഹന സമ്മാനത്തിന് അര്‍ഹരായത്. ഇവര്‍ക്കു സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കും.
പ്രശസ്ത ക്യാമറമാന്‍ കെ.ജി. ജയന്‍ ചെയര്‍മാനും കേരള മീഡിയ അക്കാദമി സെക്രട്ടറി കെ.ജി. സന്തോഷ്, ഇന്‍ഫര്‍മേഷന്‍ – പബ്ലിക് റിലേഷന്‍സ് വകുപ്പ് ചീഫ് ഫോട്ടോഗ്രാഫര്‍ വി. വിനോദ് എന്നിവര്‍ അംഗങ്ങളുമായ ജൂറിയാണു പുരസ്‌കാര നിര്‍ണയം നടത്തിയത്.