തലയില്‍ കുപ്പി കുടുങ്ങിയ നായയെ നാട്ടുകാര്‍ രക്ഷിച്ചു

0

തലയില്‍ കുപ്പി കുടുങ്ങിയ നിലയില്‍ അലഞ്ഞ് തിരിഞ്ഞ തെരുവ് നായയെ ദിവസങ്ങള്‍ നീണ്ട കഠിന പരിശ്രമത്തിന് ശേഷം നാട്ടുകാര്‍ രക്ഷിച്ചു. 10 ദിസത്തേളമായി തല മുഴുവനായി വലിയ പ്ലാസ്റ്റിക് കുപ്പിയില്‍ കുടുങ്ങിയ നിലയില്‍ ദുരിതക്കാഴ്ചയുമായി ഒരു തെരുവ് പട്ടി പാണ്ടിക്കടവ്, കൊണിയന്‍ മുക്ക്, മുത്താറി മൂല തുടങ്ങി വിവിധ ഭാഗങ്ങളില്‍ അലഞ്ഞു തിരിഞ്ഞു തുടങ്ങിയത്.പല ദിവസങ്ങളിലുംനായയെ രക്ഷപ്പടുത്താന്‍ പരിശ്രമിച്ചിട്ടും ഫലം കണ്ടില്ല. ഒടുവില്‍ ചൊവ്വാഴ്ച പുലര്‍ച്ചെ അമ്പലവയല്‍ എക്കണ്ടന്‍ അബ്ദുല്‍ സലീം ഏറെ കഷ്ടപ്പെട്ട് നായയെ പ്രത്യേക വല ഉപയോഗിച്ച് പിടികൂടുകയായിരുന്നു. തുടര്‍ന്ന് ജീവകാരുണ്യ പ്രവര്‍ത്തകന്‍ നൗഷാദടക്കമുള്ളവര്‍ നായയുടെ തലയില്‍ കുടുങ്ങിയ കുപ്പി മുറിച്ച് മാറ്റി നായയെ സ്വതന്ത്രമാക്കി. സ്ഥിരമായി ഇത്തരം പ്രതിസന്ധി മേഖലയില്‍ സേവനവുമായെത്തുന്ന താഹിര്‍ പിണങ്ങോട് ഉള്‍പ്പെടെയുള്ളവര്‍ നടത്തിയ നിതാന്ത പരിശ്രമമാണ് ഫലം കണ്ടത്.പട്ടിണിമൂലം മരണത്തെ മുഖാമുഖം കണ്ട മിണ്ടാപ്രാണിക്കിത് പുന: ജന്മമായി. വലിയ പ്ലാസ്റ്റിക് കുപ്പികളും മറ്റും പൊട്ടിക്കാതെയും, അടപ്പിടാതെയും അലക്ഷ്യമായി ഉപേക്ഷിക്കുന്നവര്‍ ഇനിയെങ്കിലും ശ്രദ്ധിക്കണമെന്നാണ് ഈ അനുഭവം മുന്‍ നിര്‍ത്തി നാട്ടുകാര്‍ പറയുന്നത്.നായയുടെ ദുരിതാവസ്ഥ അഗ്‌നി സംരക്ഷണ സേനയെ അറിയിച്ചിരുന്നെങ്കിലും നായയെ പിടികൂടാന്‍ കഴിയാത്ത അവസ്ഥ പ്രതിസന്ധിക്കിടയാക്കുകയായിരുന്നു. ഭക്ഷണവും വെള്ളവും കഴിക്കാത്തതിനാല്‍ പട്ടി അവശനായിരുന്നെങ്കിലും ഭയം കാരണവും മറ്റും നാട്ടുകാര്‍ അടുത്തെത്തുമ്പോഴേക്കും ഓടി മറയുകയായിരുന്നു പതിവ്. അതു കൊണ്ടാണ് രക്ഷാപ്രവര്‍ത്തനം വൈകിയതെന്നും നാട്ടുകാര്‍ പറഞ്ഞു. രക്ഷിച്ച ശേഷം വെള്ളവും ഭക്ഷണവും നല്‍കിയതായും നാട്ടുകാര്‍ പറഞ്ഞു. നായയുടെ തുടര്‍ സംരക്ഷണമേറ്റെടുക്കാന്‍ തയ്യാറായി മൃഗസ്‌നേഹികളും രംഗത്തെത്തിയിട്ടുണ്ട്.

 

 

Leave A Reply

Your email address will not be published.

error: Content is protected !!