കലാഭവന്‍ മണിയുടെ വേര്‍പാടിന് ഏഴാണ്ട്

0

മലയാളിയുടെ പ്രിയപ്പെട്ട നടന്‍ കലാഭവന്‍ മണിയുടെ വേര്‍പാടിന് ഏഴാണ്ട്. ആടിയും പാടിയും ചിരിച്ചും ചിരിപ്പിച്ചും മലയാളിയുടെ പ്രിയപ്പെട്ടവനായി മാറിയ മണി താരപരിവേഷമില്ലാതെ തികച്ചും സാധാരണക്കാരനായി നമുക്കിടയില്‍ ജീവിച്ചു.
നാടന്‍പാട്ടിനെ ഇത്രയേറെ ജനപ്രിയമാക്കിയ മറ്റൊരു കലാകാരന്‍ ഉണ്ടാകില്ല. വിസ്മൃതിയിലാണ്ടുപോയ നാടന്‍പാട്ടുകള്‍ പലതും മണിയുടെ ശബ്ദത്തില്‍ പുതുതലമുറകേട്ടു, ആസ്വദിച്ചു, ഏറ്റുപാടി. മണി എന്നുമൊരു ആഘോഷമായിരുന്നു മലയാളികള്‍ക്ക്. ഓട്ടോറിക്ഷക്കാരനായി ജീവിതം തുടങ്ങി , മിമിക്രി രംഗത്ത് ശ്രദ്ധേയനായി പിന്നീട് സിനിമയിലെത്തിയ മണി പ്രേക്ഷകരെ ചിരിപ്പിക്കുകയും കരിയിപ്പിക്കുകയും ചെയ്താണ് താരമായി മാറിയത്.കൊച്ചിന്‍ കലാഭവന്റെ മിമിക്സ് പരേഡിലൂടെ സിനിമയിലെത്തി. അക്ഷരം എന്ന ചിത്രത്തിലെ ഓട്ടോഡ്രൈവറും സല്ലാപത്തിലെ കഥാപാത്രവും മണിയെ ശ്രദ്ധേയനാക്കി. ഹാസ്യതാരമായി തുടങ്ങിയ മണി മലയാളത്തിലെ സൂപ്പര്‍താരങ്ങള്‍ക്കൊപ്പം തകര്‍ത്തഭിനയിച്ചു. കരുമാടിക്കുട്ടന്‍, വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്നീ ചിത്രങ്ങളിലൂടെ ഹാസ്യം മാത്രമല്ല തനിക്ക് വഴങ്ങുകയെന്ന് മണി തെളിയിച്ചു. തമിഴ്, തെലുങ്ക്, കന്നടഭാഷകളിലും മണിയുടെ അസാമാന്യപ്രകടനം കാഴ്ചവെച്ചു. അഭിനയം, ആലാപനം, സംഗീത സംവിധാനം, രചന അങ്ങനെ മണി കൈ വയ്ക്കാത്ത മേഖലകള്‍ വളരെ കുറവായിരുന്നു. ചുരുക്കത്തില്‍ സിനിമയില്‍ ഓള്‍ റൗണ്ടറായിരുന്നു കലാഭവന്‍ മണി.സിനിമയില്‍ തിരക്കേറിയപ്പോഴും നാടും നാട്ടുകാരും നാടന്‍പാട്ടുമായിരുന്നു മണിയുടെ ജീവന്‍. ഏതുതിരക്കിലും മണ്ണിന്റെ മണമുള്ള പാട്ടുകളുമായി മണിയെത്തി.ചിലപ്പോള്‍ ചിരിച്ചും മറ്റുചിലപ്പോള്‍ കണ്ണുനിറഞ്ഞും നമ്മള്‍ മണിയെ ഓര്‍ക്കുന്നു. മണ്ണിന്റെ മണമുള്ള പാട്ടുകളിലൂടെ കലാഭവന്‍ മണി ഇന്നും മലയാലികളുടെ മനസ്സില്‍ ജീവിക്കുന്നു.

Leave A Reply

Your email address will not be published.

error: Content is protected !!