കസ്തൂരിയുമായി കല്‍പ്പറ്റയില്‍ 2 പേര്‍ പിടിയില്‍.
കോഴിക്കോട് ഫോറസ്റ്റ് ഇന്‍സ്‌പെക്ഷന്‍ & ഇവാലുവേഷന്‍ കണ്‍സര്‍വേറ്റര്‍ നരേന്ദ്രബാബു ഐഎഫ്എസിന് ലഭിച്ച ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കണ്ണൂര്‍ ഫ്‌ളയിംഗ് സ്‌ക്വാഡ് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ അജിത്ത് കെ.രാമന്റെ നേതൃത്വത്തില്‍ കാസര്‍ഗോഡ്,കണ്ണൂര്‍,കല്‍പ്പറ്റ ഫ്‌ളയിംഗ് സ്‌ക്വാഡ് റേയ്ഞ്ച് ഓഫീസര്‍മാരും സംഘവും കല്‍പ്പറ്റ ടൗണില്‍ നടത്തിയ പരിശോധനയില്‍ പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് നിന്ന് 47 കസ്തൂരിയുമായി 2 പേരെ പിടികൂടി.മഞ്ചേരി സ്വദേശി ഷംസുദ്ധീന്‍(40),മങ്കട സ്വദേശി മുഹമ്മദ് മുനീര്‍(52) എന്നിവരാണ് പിടിയിലായത്.
അടുത്ത കാലത്തായി കേരളത്തില്‍ വ്യാപകമായി കസ്തൂരി മാനിന്റെ കസ്തൂരി വില്‍പ്പനയ്ക്ക് ശ്രമം നടന്നു വരുന്നുണ്ട്.അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ മോഹവില ലഭിക്കുമെന്ന തെറ്റായ പ്രചാരണത്തിന്റെ അടിസ്ഥാനത്തില്‍ ആണ് പല ആളുകളും ഈ നിയമവിരുദ്ധ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നത്.വന്യജീവി സംരക്ഷണ നിയമ പ്രകാരം ഷെഡ്യൂള്‍ ഒന്നില്‍ ചേര്‍ത്ത് സംരക്ഷിച്ച് വരുന്ന ജീവിയാണ് കസ്തൂരിമാന്‍ ഇതിനെ വേട്ടയാടി കൊലപ്പെടുത്തിയാണ് കസ്തൂരി ശേഖരിക്കുന്നത്.കസ്തൂരി മാനിനെ കൊല്ലുന്നത് 3 വര്‍ഷം മുതല്‍ 7 വര്‍ഷം വരെ ശിക്ഷയും 25000/- രൂപ പിഴയും ലഭിക്കാവുന്ന കുറ്റമാണ്.