വേനല്‍മഴയില്‍ വ്യാപക കൃഷി നാശം
കഴിഞ്ഞ രണ്ട് ദിവസങ്ങളിലുണ്ടായ ശക്തമായ വേനല്‍മഴയിലും കാറ്റിലും വ്യാപക കൃഷി നാശം.വെള്ളമുണ്ട കൃഷിഭവന്‍ പരിധിയിലെ പീച്ചംങ്കോട്, നടക്കല്‍ പ്രദേശങ്ങളിലെ മൂപ്പെത്താറായ ആയിരക്കണക്കിന് വാഴകളാണ് കാറ്റില്‍ നിലംപൊത്തിയത്. മൂപ്പെത്തിയ നേന്ത്രക്കായക്ക് 25 രൂപ മാത്രമാണ് നിലവില്‍ ലഭിക്കുന്ന വില.എന്നാല്‍ കാറ്റില്‍ വീണ വാഴക്കുലക്ക് 10 രൂപ പോലും വില ലഭിക്കില്ലെന്ന് കര്‍ഷകര്‍ പറയുന്നു.
തരുവണ നടക്കല്‍ വയലില്‍ കൃഷി നടത്തുന്ന പുളിന്താനത്ത് മാത്യുവിന്റെ 2000 ത്തോളം വാഴകളും പി എ അജിയുടെ 7000 ത്തോളം വാഴകളും പള്ളിക്കണ്ടി അഷ്‌റഫിന്റെ 2000 ത്തോളം വാഴകളും കാറ്റില്‍ നിലംപൊത്തി.പീച്ചംങ്കോട് വയലില്‍ കൃഷി നടത്തിയ പാട്ടശ്ശേരി സൈതലവിയുടെ 1500 വാഴകളും അര ഏക്കര്‍ കപ്പയും കാറ്റില്‍ നശിച്ചു.കാപ്പുങ്കുന്ന് വയലില്‍ അത്തിലന്‍ മൊയ്തീന്റെ 1500 വാഴകളും കാറ്റില്‍ നശിച്ചു. കൃഷി ഓഫീസില്‍ നിന്നും ലഭിക്കുന്നതുച്ഛമായ നഷ്ട പരിഹാരം മാത്രമാണ് അവശേഷിക്കുന്ന പ്രതീക്ഷ