വേനല്‍ക്കാലത്ത് വൈദ്യുതിക്ഷാമം ഉണ്ടാകില്ലെന്ന് ബോര്‍ഡ്

0

 

വേനല്‍ക്കാലത്തു വൈദ്യുതിക്ഷാമം ഉണ്ടാകില്ലെന്ന് വൈദ്യുതി ബോര്‍ഡ്. ഇതിനുള്ള മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയെന്ന് അധികൃതര്‍ അറിയിച്ചു. 250 മെഗാ വാട്ട് ബാങ്കിങ് സംവിധാനത്തിലൂടെ ലഭ്യമാക്കുന്നത് ഉള്‍പ്പെടെയുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്തും വേനല്‍ക്കാലത്ത് വൈദ്യുതി നിയന്ത്രണം ഇല്ലായിരുന്നു. വൈദ്യുതി ബോര്‍ഡിന്റെ 65ാം വാര്‍ഷികാഘോഷത്തോട് അനുബന്ധിച്ചു നാളെ 65 ഇലക്ട്രിക് വാഹനങ്ങള്‍ നിരത്തിലിറക്കുമെന്നു ചെയര്‍മാന്‍ ബി.അശോക് അറിയിച്ചു. ഹരിതോര്‍ജ ഉല്‍പാദന രംഗത്തു വന്‍ കുതിപ്പാണു ലക്ഷ്യമിടുന്നത്. സൗര പദ്ധതിയുടെ ഭാഗമായി 21 മെഗാവാട്ട് സൗരോര്‍ജ ഉല്‍പാദന ശേഷി കൈവരിക്കാനായി. ജൂണില്‍ 115 മെഗാവാട്ടാണ് ലക്ഷ്യം.

കാറ്റില്‍ നിന്നു 100 മെഗാവാട്ട് ഉല്‍പാദിപ്പിക്കാനുള്ള പദ്ധതി ഇടുക്കി, പാലക്കാട് ജില്ലകളിലായി വിഭാവനം ചെയ്തിട്ടുണ്ട്. ബോര്‍ഡിന്റെ എട്ടും ജല അതോറിറ്റിയുടെ രണ്ടും ജലാശയങ്ങളിലായി 100 മെഗാവാട്ട് ശേഷിയുള്ള ഫ്ളോട്ടിങ് സോളര്‍ പ്ലാന്റ് സ്ഥാപിക്കുന്ന പദ്ധതി നടപ്പാക്കും.

സംസ്ഥാനത്ത് 62 കാര്‍ ചാര്‍ജിങ് സ്റ്റേഷനുകളുടെയും 1150 ടൂ വീലര്‍, ത്രീ വീലര്‍ ചാര്‍ജിങ് സ്റ്റേഷനുകളുടെയും നിര്‍മാണം പുരോഗമിക്കുന്നു. 11 ഫാസ്റ്റ് ചാര്‍ജിങ് സ്റ്റേഷനുകള്‍ പൂര്‍ത്തിയാക്കി. ഈ മാസം അവസാനം 51 എണ്ണം കൂടി പൂര്‍ത്തിയാകും. ബോര്‍ഡിന്റെ വാര്‍ഷികാഘോഷങ്ങള്‍ കനകക്കുന്നില്‍ നാളെ 11ന് മന്ത്രി കെ. കൃഷ്ണന്‍കുട്ടി ഉദ്ഘാടനം ചെയ്യും. വൈദ്യുതി വാഹനങ്ങളുടെ പ്രദര്‍ശനവും ഉണ്ടാകും. 31 വരെയാണ് ആഘോഷം.

 

Leave A Reply

Your email address will not be published.

error: Content is protected !!