അനീമിയ പരിശോധന കര്‍ശനമാക്കി ആരോഗ്യവകുപ്പ്
വിളര്‍ച്ച മുക്ത കേരളത്തിനായി നടപ്പാക്കിയ വിവ (വിളര്‍ച്ചയില്‍നിന്നും വളര്‍ച്ചയിലേക്ക് ) കേരളം ക്യാമ്പയിന്റെ ഭാഗമായി ജില്ലയില്‍ ആരോഗ്യവകുപ്പ് അനീമിയ പരിശോധന കര്‍ശനമാക്കി. 15 വയസു മുതല്‍ 59 വയസ്സുവരെയുള്ള സ്ത്രീകളിലാണ് അനീമിയ പരിശോധന നടത്തുന്നത്. രക്തത്തില്‍ ഹീമോഗ്ലോബ്ലിന്റെ അളവ് കുറവായിരിക്കുന്ന അവസ്ഥയാണ് അനീമിയ.ഏപ്രില്‍ പകുതി വരെ 22506 പേരില്‍ നടത്തിയ പരിശോധനയില്‍ 9516 പേര്‍ക്ക് അനീമിയബാധ കണ്ടെത്തി.
ഗോത്ര വിഭാഗങ്ങളില്‍ നടത്തിയ പരിശോധ ഫലം ആശങ്കയുളവാക്കുന്നുണ്ട്.4996 ഗോത്ര വിഭാഗത്തില്‍പ്പെട്ടവരെ പരിശോധിച്ചപ്പോള്‍ 3101 പേര്‍ക്കും അനീമിയ ബാധ കണ്ടെത്തി.സമൂഹത്തിലെ എല്ലാ വിഭാഗം സ്ത്രികള്‍ക്കിടയിലും അനീമിയ ബാധ കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ട്.നേരിയ അനീമിയ ബാധിച്ചവര്‍ക്ക് ആഹാരത്തിലും ജീവിത ശൈലിയിലും മാറ്റം വരുത്താനുള്ള അവബോധം ആരോഗ്യവകുപ്പ് നല്‍കും.കൂടാതെ സാരമായ അനീമിയ ബാധിച്ചവര്‍ക്ക് പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ വഴിയും, ഗുരുതരമായി അനീമിയ രോഗം കണ്ടെത്തുന്നവര്‍ക്ക് താലൂക്ക്, ജില്ലാതല ആശുപത്രികള്‍ വഴി അയണ്‍ സുപ്രോസ് ഇഞ്ചക്ഷന്‍, ബ്ലഡ് ട്രാന്‍സ്ഫ്യൂഷന്‍ ഉള്‍പ്പെടയുള്ള ചികിത്സകളും നല്‍കും.
ഗ്രാമീണ, നഗര, ട്രൈബല്‍ മേഖലകളായി തരം തിരിച്ചാണ് ജില്ലയില്‍ വിവ ക്യാമ്പയിന്‍ സംഘടിപ്പിച്ച് വരുന്നത്. ഹീമോഗ്ലോബിനോ മീറ്റര്‍ ഉപയോഗിച്ച് നടത്തുന്ന ക്യാമ്പുകളിലൂടെയും, ആരോഗ്യ സ്ഥാപനങ്ങള്‍ വഴിയുള്ള പരിശോധനകള്‍ വഴിയാണ് വിവകേരള സംഘടിപ്പിക്കുന്നത്.
വിവിധ സ്ഥാപനങ്ങള്‍, അംഗണ്‍വാടി പ്രവര്‍ത്തകര്‍, ആശാവര്‍ക്കര്‍മാര്‍ എന്നിവര്‍ക്കായി പ്രത്യേക ക്യാംമ്പയിന്‍ നടത്തി.കൂടാതെ കോളനികള്‍ കേന്ദ്രീകരിച്ചും ക്യാംമ്പയിന്‍ സംഘടിപ്പിക്കുന്നുണ്ട്. അനീമിയക്ക് പോഷകാഹാരക്കുറവ് പരിഹരിക്കുന്നതിന് സബ് സെന്ററുകള്‍, അങ്കണ്‍വാടികള്‍ വഴിയും ആരോഗ്യവകുപ്പ് ഇടപെടല്‍ നടത്തുന്നുണ്ട്.നേരത്തെ അനീമിയ കണ്ടെത്തി ചികിത്സിക്കുന്നതിലൂടെ സങ്കീര്‍ണതയിലേക്ക് പോകാതെ പരിഹരിക്കാന്‍ കഴിയുമെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു.