ചീങ്ങേരി അമ്പലത്തിന് മുന്‍വശത്തെ കോളനിവീടുകള്‍ക്കരികിലാണ് ഇന്നലെ രാത്രിയില്‍ കടുവയെ കണ്ടത്. എതിര്‍വശത്ത് ടൂറിസം കേന്ദ്രമായ കടുവാക്കുഴിയുടെ ഭാഗത്തെ മലമുകളില്‍നിന്ന് ഇറങ്ങിവന്നതാണെന്ന് പ്രദേശവാസികള്‍ പറയുന്നു. രാത്രിയില്‍ വനപാലകര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. അലര്‍ച്ചയുടെ ശബ്ദം റെക്കോര്‍ഡ് ചെയ്ത വനപാലകര്‍ കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ട്. വര്‍ഷങ്ങളായി പുലിയുടെ ശല്യമുളള പ്രദേശമാണിത്. ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന കോളനിക്ക് സമീപം കടുവയെ കണ്ടതോടെ പ്രദേശവാസികള്‍ ആശങ്കയിലാണ്. കടുവയെ കൂടുവെച്ച് പിടികൂടണമെന്നാണ് ആവശ്യം.
പാറയോട് ചേര്‍ന്നുളള പൊന്തക്കാട്ടിലാണ് കടുവ നിലയുറപ്പിച്ചത്. വൈകിട്ട് നാലുമണിയോടെ കടുവയുടെ കരച്ചില്‍ക്കേട്ടു. സന്ധ്യയായപ്പോഴേക്ക് അലര്‍ച്ചയുടെ ശബ്ദമേറിവന്നു. പുലര്‍ച്ചെ മൂന്നുമണിവരെ വലിയ ശബ്ദത്തില്‍ കരച്ചില്‍ കേട്ടെന്ന് പ്രദേശവാസകള്‍ പറഞ്ഞു.