കേസുകളില്‍ വര്‍ധന: ജീവനക്കാരില്ലാതെ എക്‌സൈസ്

0

ഒരു വര്‍ഷത്തിനുള്ളില്‍ എക്സൈസ് വകുപ്പ് രജിസ്റ്റര്‍ ചെയ്തത് 6111 കേസുകള്‍. .കേസുകള്‍ വര്‍ധിക്കുമ്പോഴും ജില്ലയില്‍ എക്‌സൈസ് വകുപ്പ് രൂപീകരിച്ച് 43 വര്‍ഷം കഴിഞ്ഞിട്ടും ജീവനക്കാരുടെ എണ്ണത്തില്‍ വര്‍ധനവ് ഇല്ലാത്തത് പ്രവര്‍ത്തനങ്ങള്‍ക്ക് തിരിച്ചടിയായി മാറുന്നുണ്ട്.കഴിഞ്ഞ ഒരു വര്‍ഷം ജില്ലയില്‍ എക്സൈസ് വകുപ്പ് രജിസ്റ്റര്‍ ചെയ്തത് 6111 കേസുകള്‍. ഇതില്‍ 4897 കോട്പകേസുകളും, 366 എന്‍ഡിപിഎസ് കേസുകളും, 848 അബ്കാരി കേസുകളും ഉള്‍പ്പെടും. വിവിധ മേഖലകളില്‍ 134 റെയ്ഡുകളും നടത്തി. 214 കിലോഗ്രാം കഞ്ചാവ്, 132 ലിറ്റര്‍ അനധികൃത അരിഷ്ടം, 6818 ലിറ്റര്‍ വാഷ്, 76 ലിറ്റര്‍ ചാരായം, 2722 ലിറ്റര്‍ വിദേശ മദ്യം, 85 ലിറ്റര്‍ അന്യ സംസ്ഥാന മദ്യം എന്നിവ പിടിച്ചെടുത്തു.

ലഹരികടത്തുമായി ബന്ധപ്പെട്ട് 39 വാഹനങ്ങളും പിടിച്ചെടുത്തവയില്‍ ഉള്‍പ്പെടും.കൂടാതെ 1.5 കിലോ എംഡിഎംഎ, 190 ഗ്രാം ലഹരിഗുളികള്‍, 11 ഗ്രാം ഹാഷിഷ് ഓയില്‍ , 186 കിലോ പുകയില ഉത്പന്നങ്ങളും പിടിച്ചു. ഇതോടൊപ്പം 2.33 കിലോഗ്രാം സ്വര്‍ണ്ണവും എക്സൈസ് കണ്ടെടുത്തു.കോട്പ ഫൈന്‍ ഇനത്തില്‍ 9.7 ലക്ഷം രൂപയും, 1.16 കോടി രൂപ തൊണ്ടി ഇനത്തിലും പിടിച്ചെടുത്തിട്ടുണ്ട്.

ചെക്ക്പോസ്റ്റുകളിലെ കര്‍ശനമായ പരിശോധയും കേസുകള്‍ വര്‍ദ്ധിപ്പിച്ചു. കര്‍ശനമായ വാഹനപരിശോധനയും വിവിധ ഇടങ്ങളില്‍ എക്സൈസ് സംഘം നടത്തുന്നുണ്ട്. അതിര്‍ത്തി കടന്നെത്തുന്ന വാഹനങ്ങളില്‍ നിന്നാണ് കൂടുതലായി ലഹരിവസ്തുക്കള്‍ പിടികൂടുന്നത്. പുതുതായി എക്സൈസ് വകുപ്പിന് അനുവദിച്ച കൈമു കൂടി എത്തിയതോടെ അതിര്‍ത്തി കടന്നെത്തുന്ന ലഹരിമരുന്നുകള്‍ക്ക് തടയിടാന്‍ കഴിയും .ജില്ലയില്‍ എക്സൈസ് വകുപ്പിന് 3 താലൂക്കുകളിലായി 3 സര്‍ക്കിളുകളും, 3 റേഞ്ച് ഓഫീസുകളുമാണുള്ളത്.

എന്‍ഫോഴ്സ്മെന്റ്, ഇന്റലിജന്‍സ്.വിഭാഗവും, മുത്തങ്ങ, തോല്‍പ്പെട്ടി എന്നിവിടങ്ങളില്‍ ചെക്ക് പോസ്റ്റുകളുമുണ്ട്. 200ല്‍ താഴെ ജീവനക്കാര്‍ മാത്രമാണ് നിലവിലുള്ളത്. കേസുകള്‍ അനുദിനം വര്‍ധിച്ച് വരുന്ന സാഹചര്യത്തില്‍ ജീവനക്കാരുടെ എണ്ണം ഇരട്ടിയായി വര്‍ദ്ധിപ്പിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്. ലഹരിക്കെതിരെയുള്ള വകുപ്പിന്റെ പ്രവര്‍ത്തനങ്ങളില്‍ ജനമൈത്രി എക്സൈസ് ഉള്‍പ്പെടയുള്ളവയുടെ പ്രവര്‍ത്തനങ്ങളും ഏറെ പ്രശംസനീയമായി മാറിയിട്ടുണ്ട് .

 

Leave A Reply

Your email address will not be published.

error: Content is protected !!