പണം തിരിമറി നടത്തിയ കേസ്; മുന്‍ ആരോഗ്യ വകുപ്പ് ജീവനക്കാരന് 36 വര്‍ഷം തടവ്

0

പണം തിരിമറി നടത്തിയ കേസില്‍ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലെ മുന്‍ എല്‍.ഡി.ക്ലര്‍ക്കിനെ 36 വര്‍ഷം തടവിനും 1,20,000 രൂപ പിഴ ഒടുക്കുവാനും ശിക്ഷിച്ചു. ജില്ലയിലെ മീനങ്ങാടി കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലെ മുന്‍ എല്‍.ഡി.ക്ലര്‍ക്ക് മീനങ്ങാടി പുറക്കാടില്‍ മട്ടിയമ്പത്ത് വീട്ടില്‍ എം.ശിവനെയാണ് തലശ്ശേരി വിജിലന്‍സ് കോടതി ജഡ്ജ് ബൈജുനാഥ് മൂന്ന് കേസുകളിലായി 36 വര്‍ഷം തടവിനും പിഴ ഒടുക്കുന്നതിനും ശിക്ഷിച്ചത്. 26.06.1997 മുതല്‍ 01.12.2003 വരെയുള്ള കാലയളവില്‍ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ പ്രതി എല്‍.ഡി.ക്ലര്‍ക്കായി ജോലി നോക്കി വരവേ ഹെല്‍ത്ത് സെന്ററിലെ ജീവനക്കാരുടെ ജി.പി.എഫ്, താല്‍കാലിക അഡ്വാന്‍സ്, ലീവ് സറണ്ടര്‍, ഡി.എ, പി.സി.എ. കുടിശ്ശികകള്‍ ഉള്‍പ്പെടെ 84539 രൂപ രേഖകളിലും ജീവനക്കാരുടെ ഒപ്പുകളിലും കൃത്രിമം കാണിച്ചും തെളിവുകള്‍ നശിപ്പിച്ചും പണാപഹരണം നടത്തി എന്നുള്ളതാണ് വിജിലന്‍സ് കേസ്. മൂന്ന് കേസുകളിലാണ് കോടതി ശിക്ഷ വിധിച്ചത്. 04.09.2000 മുതല്‍ 03.09.2001 വരെയുള്ള കാലയളവില്‍ 18079 രൂപയുടെ തിരിമറി നടത്തിയ ആദ്യ കേസില്‍ 12 വര്‍ഷം തടവിനും 30000 രൂപ പിഴ ഒടുക്കുവാനും, 04.09.2001 മുതല്‍ 03.02.2002 വരെയുള്ള കാലയളവില്‍ 9480 രൂപയുടെ തിരിമറി നടത്തിയ രണ്ടാമത്തേതില്‍ 12 വര്‍ഷം തടവിനും 30000 രൂപ പിഴ ഒടുക്കുവാനും, 04.09.2002 മുതല്‍ 25.07.2003 വരെയുള്ള കാലയളവില്‍ 56980 രൂപയുടെ തിരിമറി നടത്തിയ മൂന്നാമത്തെ കേസില്‍ 12 വര്‍ഷം തടവിനും 60,000 രൂപ പിഴ ഒടുക്കുന്നതിനുമാണ് കോടതി ശിക്ഷിച്ചത്.

Leave A Reply

Your email address will not be published.

error: Content is protected !!